മനാമ: ബഹ്റൈനിൽ ഇറക്കുമതി ചെയ്യുന്ന പുകയിലയ്ക്ക് ഡിജിറ്റൽ എക്സൈസ് സ്റ്റാമ്പുകൾ നിർബന്ധമാണ്. 2023 മാർച്ച് 19 മുതൽ കസ്റ്റംസ് ക്ലിയർ ചെയ്യുന്നതിന് ബഹ്റൈനിലെ എൻട്രി പോയിന്റുകളിൽ എത്തുന്ന എല്ലാ ഇറക്കുമതി ചെയ്ത ഷീഷ പുകയിലയും എക്സൈസ് തീരുവ സൂചിപ്പിക്കുന്ന ഡിജിറ്റൽ സ്റ്റാമ്പുകൾ ഉണ്ടായിരിക്കണമെന്ന് നാഷണൽ ബ്യൂറോ ഫോർ റവന്യൂസ് (എൻബിആർ) അറിയിച്ചു. വ്യക്തമായ വിവരങ്ങളില്ലാതെ ഷീഷ പുകയില പായ്ക്കുകളുടെ വിൽപന, വ്യാപാരം അല്ലെങ്കിൽ കൈവശം വയ്ക്കുന്നത് 2023 ജൂൺ 18 മുതൽ നിരോധിക്കും.
ഉൽപ്പാദന ഘട്ടം മുതൽ ഉപഭോഗം വരെ ഡിജിറ്റൽ സ്റ്റാമ്പുകൾ വഴി എക്സൈസ് സാധനങ്ങൾ ട്രാക്ക് ചെയ്യാനും രാജ്യത്തേക്കുള്ള എക്സൈസ് വസ്തുക്കളുടെ കള്ളക്കടത്ത് പരിമിതപ്പെടുത്താനും ഇതിലൂടെ സാധിക്കും. വ്യാജ ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ നിയമവിരുദ്ധ ഉൽപ്പന്നങ്ങളുടെ പ്രചാരത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനും സർക്കാറിന്റെ നികുതി വരുമാനം വർധിപ്പിക്കാനും ഡിജിറ്റൽ സ്റ്റാമ്പ് പദ്ധതി ലക്ഷ്യമിടുന്നു. ഡിജിറ്റൽ സ്റ്റാമ്പ് പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ 80008001 എന്ന കോൾ സെന്റർ നമ്പറിൽ ലഭ്യമാണ്. അല്ലെങ്കിൽ ഇമെയിൽ വഴിയോ www. nbr.gov.bh എന്ന NBR-ന്റെ വെബ്സൈറ്റ് വഴിയോ ബന്ധപ്പെടാവുന്നതാണ്.