ഡെൽഹി: ഡീസലിന് അധിക വില ഈടാക്കുന്നതിനെതിരെ കെ.എസ്.ആർ.ടി.സി സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാറിനും പൊതുമേഖലാ എണ്ണ കമ്പനികൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. വിലനിർണ്ണയത്തിൽ തർക്കങ്ങൾ ഉണ്ടെങ്കിൽ കെ.എസ്.ആർ.ടി.സി ആർബിട്രേഷൻ കോടതിയെ സമീപിക്കണമെന്ന ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി സ്റ്റേ ചെയ്തു.
വിപണി വിലയേക്കാളും കൂടുതല്‍ തുക കെ.എസ്.ആർ.ടി.സിയില്‍ നിന്ന് ഈടാക്കുന്നത് ഗൗരവമേറിയ വിഷയമാണെന്ന് ജസ്റ്റിസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നോട്ടീസിന് മറുപടി നല്കാന് എട്ട് ആഴ്ചത്തെ സമയമാണ് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്. കമ്പനികളുടെ നടപടി ഭരണഘടന വിരുദ്ധമാണെന്ന് കെ.എസ്.ആർ.ടി.സി കോടതിയിൽ വാദിച്ചു. വിലയിനത്തിൽ നൂറ് കോടിയിലധികം രൂപ കെ.എസ്.ആർ.ടി.സി നല്‍കാനുണ്ടെന്ന് പൊതുമേഖല എണ്ണ കമ്പനികള്‍ കോടതിയിൽ പറഞ്ഞു. മധ്യവേനല്‍ അവധിക്ക് ശേഷമാകും ഇനി കോടതി പരിഗണിക്കുക. കെ.എസ്.ആർ.ടി.സിക്ക് വേണ്ടി അഭിഭാഷകരായ കപില്‍ സിബലും, ദീപക് പ്രകാശും ഹാജരായി.