ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മൃതദേഹത്തിനൊപ്പം ഫോട്ടോ എടുത്ത ജീവനക്കാരനെ പിരിച്ചുവിട്ടതായി സ്ഥാപനം അറിയിച്ചു. മറഡോണയുടെ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകിയ സെപെലിയോസ് പിനിയർ എന്ന ഫ്യൂണറൽ പാർലറിലെ ജീവനകാരനെതിരെയാണ് നടപടി സ്വീകരിച്ചത്.
മറഡോണയുടെ മൃതശരീരം പൊതുദർശനത്തിനായി ഒരുക്കുന്നതിനിടെയാണ് സംഭവം നടന്നത്. മൃതദേഹം ഒരുക്കുന്നതിനിടെ ഇയാൾ ശവപ്പെട്ടി തുറന്ന് ഫോട്ടോ എടുക്കുകയായിരുന്നു. ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇയാൾക്കെതിരെ കടുത്ത പ്രതിഷേധവുമായി ആളുകൾ രംഗത്തെത്തി. പ്രശ്നം രൂക്ഷമായതറിഞ്ഞ സ്ഥാപനം ജീവനക്കാരനെ പിരിച്ചുവിട്ടതായി അറിയിച്ചു. എന്നാൽ ജീവനക്കാരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സ്ഥാപനം പുറത്തുവിട്ടിട്ടില്ല.
മറഡോണയുടെ വക്കീലായ മത്യാസ് മോർലയാണ് ട്വിറ്ററിലൂടെ ജിവനക്കാരന്റെ ഫോട്ടോ പങ്കുവച്ചത്. എന്റെ കൂട്ടുകാരന്റെ ഓർമ്മക്കായി ഇയാൾക്ക് ശിക്ഷ ലഭിക്കുന്നതുവരെ ഞാൻ വിശ്രമിക്കില്ല എന്നായിരുന്നു അടിക്കുറുപ്പ്. മറഡോണയുടെ മൃതദേഹത്തിനൊപ്പമുള്ള മറ്റൊരു ജീവനക്കാരന്റെ ഫോട്ടോയും ഇതോടൊപ്പം പ്രചരിച്ചിരുന്നു. ഹൃദയസ്തംഭനത്തെത്തുടർന്നാണ് മറഡോണ അന്തരിച്ചത്. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്റ്റ സെമിത്തേരിയിൽ എല്ലാ ആദരവോടുംകൂടിയാണ് ഡീഗോ മറഡോണയുടെ മൃതദേഹം സംസ്കരിച്ചത്.