തൊടുപുഴ: എസ്എഫ്ഐ പ്രവര്ത്തകന് ധീരജിനെ കുത്തിക്കൊന്ന കേസില്‍ ഒന്നാംപ്രതി നിഖില്‍ പൈലിക്ക് ജാമ്യം. തൊടുപുഴ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം.മറ്റ് ഏഴ് പ്രതികൾക്കും നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
ജനുവരി പത്തിനാണ് ധീരജിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നിഖിൽ പൈലി കുത്തിക്കൊന്നത്. അറസ്റ്റിലായി 87ദിവസങ്ങൾക്ക് ശേഷമാണ് നിഖിൽ പൈലിക്ക് ജാമ്യം ലഭിക്കുന്നത്. കേസിൽ രണ്ടാം തീയതി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കുറ്റപത്രത്തിൽ ആകെ എട്ട് പ്രതികളാണുള്ളത് അതിൽ ഒന്നാം പ്രതിയാണ് നിഖിൽ പൈലി.
കൊലപാതകം, കൊലപാതകശ്രമം, തെളിവ് നശിപ്പിക്കൽ, പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം, അന്യായമായി സംഘം ചേരൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 600 ഓളം പേജുള്ളതാണ് കുറ്റപത്രം. 160 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. അതേസമയം ധീരജിനെ കുത്തിയ കത്തി ഇനിയും കണ്ടെത്താനായിട്ടില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.മുഖ്യതെളിവായ കത്തി കണ്ടെത്താനായിട്ടല്ലെന്നതാണ് പൊലീസിനെ ഇപ്പോഴും വലയ്ക്കുന്നത്. രക്ഷപ്പെടുന്നതിനിടെ ഇടുക്കി കളക്ടറേറ്റിന് മുന്നിലെ വനമേഖലയിൽ കത്തി ഉപേക്ഷിച്ചെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരുന്നത്. നിഖിലിനെ സ്ഥലത്തെത്തിച്ച് തെരച്ചിൽ നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല.
