ധനുഷ് നായകനായ ചിത്രമാണ് വാത്തി. മലയാളി താരം സംയുക്തയാണ് നായിക. ധനുഷിന്റെ ‘വാത്തി’ക്ക് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ‘വാത്തി’ ഒ.ടി.ടിയിലേക്ക് വരുന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ‘വാത്തി’ മാർച്ച് 17 നാണ് ഒടിടിയിൽ എത്തുന്നത്. നെറ്റ്ഫ്ലിക്സിലാണ് വാത്തി പ്രദർശിപ്പിക്കുക. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരുന്നു. വംശി എസ്, സായി സൗജന്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. നവീൻ നൂളിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും അറ്റ്ലൂരി തന്നെയാണ്.
ധനുഷിന്റെ ‘നാനേ വരുവേൻ’ എന്ന ചിത്രമായിരുന്നു ഇതിന് മുന്നേ പ്രദർശനത്തിനെത്തിയത്. ധനുഷിന്റെ സഹോദരൻ സെൽവരാഘവനാണ് ചിത്രം സംവിധാനം ചെയ്തത്. സെൽവരാഘവനും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഇന്ദുജയാണ് ചിത്രത്തിലെ നായിക. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയത്. ചിത്രം ബോക്സ് ഓഫീസിൽ തരക്കേടില്ലാത്ത വിജയം സ്വന്തമാക്കിയിരുന്നു.