തിരുവനന്തപുരം : പോലീസ് മേധാവി ഏകെജി സെന്ററിലെ ഓഫീസ് സെക്രട്ടറിയുടെ നിലവാരത്തിൽ എത്തിയെന്നും ഏകെജി സെന്ററിന്റെ അനക്സായി പോലീസ് ആസ്ഥാനം മാറിയെന്നും ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യത്തിനും പിണറായിക്ക് വേണ്ടിയുള്ള പോലീസിന്റെ ദാസ്യ പണിക്കുമെതിരെ പോലീസ് ആസ്ഥാനത്തേക്ക് ആർ വൈ എഫ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാര മതിഭ്രമത്തിൽ മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തു ഭയപ്പെടുത്താൻ ശ്രമിക്കുന്നത് പിണറായിയുടെ രാഷ്ട്രീയ പതനത്തിന്റെ ആരംഭമാണ്. പിണറായിയെ വിമർശിക്കുന്ന കേരളത്തിലെ മുൻനിര മാധ്യമ സ്ഥാപനങ്ങളെയും മാധ്യമ പ്രവർത്തകരെയും ഭയപ്പെടുത്തി തങ്ങളുടെ അഴിമതിയും ധൂർത്തും യഥേഷ്ടം നടത്താമെന്നത് പിണറായിയുടെ വ്യാമോഹം മാത്രമാണ്. സി പി എം സംസ്ഥാന സെക്രട്ടറി രാഷ്ട്രീയ വിടുവായത്തം പറഞ്ഞ് വിദ്യാർത്ഥി രാഷ്ട്രീയ ചരിത്രത്തെ അപമാനിക്കുകയും വിദ്യാർത്ഥി സമൂഹത്തിന് തെറ്റായ സന്ദേശം നൽകുകയാണെന്നും പോലീസ് ആസ്ഥാനത്ത് നീതി ബോധവും നിയമ പരിജ്ഞാനവും ഉള്ള ആരും തന്നെയില്ല എന്നതിന്റെ തെളിവുമാണ് പോലീസിന്റെ സമകാലിക സംഭവങ്ങളിലൂടെ തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹൻ , പുലത്തറ നൗഷാദ്, എം.ആർ മഹേഷ് , ശ്യാം പള്ളിശ്ശേരിക്കൽ, കുളക്കട പ്രസന്നൻ , ഡേവിഡ് സേവ്യർ , സുനി മഞ്ഞമല, അഡ്വ.യു.എസ്. ബോബി, പ്രദീപ്കണ്ണല്ലൂർ, രാലു രാജ്, ശ്രീരാജ് ,നിഷാദ് കഴക്കൂട്ടം, ശ്രീകാന്ത് കരകുളം, നവീൻ, കബീർ പൂവാർ , യു അനന്തകൃഷ്ണൻ , .മുഹമ്മദ് അമീൻ , ആർ എസ് പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.ജയകുമാർ , കെ.എസ്. സനൽകുമാർ , വി. ശ്രീകുമാരൻ നായർ , കെ.ചന്ദ്രബാബു എന്നിവർ സംസാരിച്ചു.