
തിരുവനന്തപുരം: ശബരിമലയിൽ ഭക്ത കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതിയാണ് മരിച്ചത്. 58 വയസായിരുന്നു. മലകയറവെ അപ്പാച്ചിമേട് ഭാഗത്ത് വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ദർശനത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം ഭക്തരാണ്. ഒന്നര ദിവസത്തിനിടെ 1,63,000 ൽ അധികം പേർ മല ചവിട്ടി. ദർശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂർ വരെ നീണ്ടുനിന്നതായിരുന്നു. തീർത്ഥാടക പ്രവാഹം തുടരുകയാണ്. മണിക്കൂറുകൾ വരി നിന്നാണ് തീർത്ഥാടകർ അയ്യനെ തൊഴുതു മടങ്ങുന്നത്. സന്നിധാനത്ത് തിരക്ക് കൂടുന്നത് നിയന്ത്രിക്കാൻ പമ്പ മുതൽ ക്രമീകരണം ഉണ്ടാകും.
സന്നിധാനത്തെ തിരക്ക് കൂടി പരിഗണിച്ചാകും പമ്പയിൽ നിന്ന് തീർത്ഥാടകാരെ കടത്തി വിടുക. ഇന്നലെ ശരാശരി 6 മണിക്കൂർ വരെ കാത്തു നിന്ന ശേഷമാണ് സ്വാമിമാർ ദർശനം നടത്തിയത്. ദിനംപ്രതി 90,000 പേർക്കാണ് മല കയറാൻ അവസരമുള്ളത്. സത്രം വഴി, കാനന പാതയിലൂടെയും ഇന്നലെ മുതൽ ഭക്തരെ കടത്തി വിടുന്നുണ്ട്. ആകെ പതിനെട്ടു മണിക്കൂർ ആണ് ശബരിമലയിൽ ദർശന സമയം.


