പത്തനംതിട്ട: കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അരവണ വിതരണം നിർത്തിവയ്ക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ഏലക്ക ഇല്ലാതെ അരവണ നിർമ്മിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ അറിയിച്ചു. സന്നിധാനത്ത് അരവണ വിതരണം നിർത്തിവച്ചിട്ടുണ്ട്.
അരവണയ്ക്ക് ഉപയോഗിക്കുന്ന ഏലയ്ക്കയിൽ കീടനാശിനിയുടെ സാന്നിദ്ധ്യം അനുവദനീയമായതിലും കൂടുതലാണെന്ന് കണ്ടെത്തിയെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് അരവണ വിതരണം നിർത്താൻ കോടതി ഉത്തരവിട്ടത്. അത്തരം അരവണയുടെ സാമ്പിൾ പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഭക്ഷ്യയോഗ്യമായ ഏലയ്ക്ക ഉപയോഗിച്ചോ ഏലയ്ക്ക ലഭ്യമല്ലെങ്കിൽ ഏലയ്ക്കയില്ലാതെയോ അരവണ ഉണ്ടാക്കാം. ഇക്കാര്യത്തിൽ സ്പൈസസ് ബോർഡുമായി കൂടിയാലോചന നടത്താമെന്നും കോടതി വ്യക്തമാക്കി.