ന്യൂഡല്‍ഹി: നടി മാധുരി ദീക്ഷിതിനെതിരെ മോശം പരാമർശം നടത്തിയ എപ്പിസോഡിൻ്റെ പേരിൽ വിവാദത്തിലകപ്പെട്ട് ജനപ്രിയ സിറ്റ്കോം ഷോ ‘ദി ബിഗ് ബാംഗ് തിയറി’. ഷോയ്ക്കെതിരെയും നെറ്റ്ഫ്ലിക്സിനെതിരെയും നിയമനടപടിക്കൊരുങ്ങുകയാണ് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ മിഥുൻ വിജയകുമാർ.
‘ദി ബിഗ് ബാംഗ് തിയറി’യുടെ ഒരു എപ്പിസോഡിൽ സ്ത്രീവിരുദ്ധതയും ലൈംഗികച്ചുവയുള്ള പരാമർശങ്ങളും പ്രചരിപ്പിച്ചതായി മിഥുൻ വിജയകുമാർ ആരോപിച്ചു. അടുത്തിടെ നെറ്റ്ഫ്ലിക്സിൽ ‘ദി ബിഗ് ബാംഗ് തിയറി’യുടെ ഒരു എപ്പിസോഡ് കണ്ടു. കുനാല്‍ നയ്യാറുടെ കഥാപാത്രം വളരെ മോശമായ രീതിയിലാണ് ബോളിവുഡ് താരം മാധുരി ദീക്ഷിതിനെക്കുറിച്ച് പരാമർശിച്ചത്. കുട്ടിക്കാലം മുതലേ മാധുരി ദീക്ഷിതിന്റെ ആരാധകനായിരുന്ന തന്നെ ഇത് വളരെയധികം സങ്കടപ്പെടുത്തിയെന്നും മിഥുൻ പറഞ്ഞു.
നെറ്റ്ഫ്ലിക്സിനെതിരെ ഒരു നിയമ സ്ഥാപനം വഴി അയച്ച വക്കീൽ നോട്ടീസും മിഥുൻ വിജയകുമാർ പങ്കുവച്ചിട്ടുണ്ട്. സംസ്കാരത്തിന് യോജിക്കാത്തതും മൂല്യങ്ങളെ നശിപ്പിക്കുന്നതുമായ ഇത്തരം ഷോകൾ സംപ്രേഷണം ചെയ്യാതിരിക്കാൻ നെറ്റ്ഫ്ലിക്സ് പോലുള്ള സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.