മനാമ: നവീകരിച്ച റിഫ സെൻട്രൽ മാർക്കറ്റ് ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ നഗരവികസന പ്രക്രിയയെ പിന്തുണയ്ക്കുന്ന കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
സെൻട്രൽ മാർക്കറ്റുകളും പാർപ്പിട മേഖലകൾക്ക് ചുറ്റുമുള്ള വാണിജ്യ ഔട്ട്ലെറ്റുകളും പോലുള്ള സുപ്രധാന സൗകര്യങ്ങൾ ഒരുക്കുന്നത് ഉപഭോക്താക്കളുടെ ഭക്ഷണ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുമെന്ന് ഉപപ്രധാനമന്ത്രി വ്യക്തമാക്കി.
വ്യാപാരികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ള ചെറുകിട, ഇടത്തരം വ്യവസായ ഉടമകൾക്ക് അവരുടെ ഭക്ഷ്യ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും പ്രാദേശിക വ്യാപാരം മെച്ചപ്പെടുത്തുന്നതിനും ദേശീയ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ഈ പദ്ധതികൾ അവസരമൊരുക്കുന്നുവെന്ന് ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ഊന്നിപ്പറഞ്ഞു.
മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വെയ്ൽ ബിൻ നാസർ അൽ മുബാറക്, ദക്ഷിണ ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ അൽ ഖലീഫ, സതേൺ ഏരിയ മുനിസിപ്പൽ കൗൺസിൽ ചെയർമാനും അംഗങ്ങളും കൂടാതെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
2,300 ചതുരശ്ര മീറ്ററിലധികം വിസ്തീർണ്ണം ഉള്ള റിഫ സെൻട്രൽ മാർക്കറ്റ് ഡെവലപ്മെന്റ് പ്രോജക്റ്റിന്റെ ചെലവ് 900,000 ബഹ്റൈൻ ദിനാർ കവിഞ്ഞു. കൂടുതൽ പഴം-പച്ചക്കറി കച്ചവടക്കാരെ ഉൾക്കൊള്ളാൻ മാർക്കറ്റിന്റെ ശേഷി വർധിപ്പിക്കുകയും സ്റ്റാളുകളുടെ എണ്ണം 32 ൽ നിന്ന് 53 ആക്കുകയും ചെയ്തു. മത്സ്യ-മാംസ വിപണിയിൽ 13 മത്സ്യ സ്റ്റാളുകളും 9 ഇറച്ചി, ചിക്കൻ സ്റ്റാളുകളും ഉൾപ്പെടുന്നു. പദ്ധതിക്ക് കീഴിൽ, കെട്ടിടത്തിൽ വിശ്രമമുറികൾ, പാർക്കിംഗ് ഏരിയകൾ, പരമ്പരാഗത കോഫി ഷോപ്പ് തുടങ്ങിയ സേവന സൗകര്യങ്ങൾ സജ്ജീകരിച്ചിരുന്നു.