ന്യൂഡൽഹി∙ മൂടൽമഞ്ഞ് കനത്തതോടെ ഡൽഹിയിൽ നിന്നുള്ള 84 വിമാന സർവീസുകൾ റദ്ദാക്കി. രാജ്യാന്തര സർവീസുകൾ ഉൾപ്പെടെ 168 വിമാനങ്ങൾ വൈകി. ശരാശരി ഒരു മണിക്കൂറാണ് വിമാനങ്ങൾ വൈകുന്നത്. എന്നാൽ പലപ്പോഴും 10 മണിക്കൂറിലേറെ കാത്തുനിൽക്കേണ്ടി വരുന്നതായി യാത്രക്കാർ പ്രതികരിച്ചു. ഡൽഹി വഴിയുളള 18 ട്രെയിനുകളും മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസുകളും വൈകി. തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. രാവിലെ 10.50ന് പുറപ്പെടേണ്ട വിമാനവും വൈകുമെന്നാണ് വിവരം.
ഡൽഹിയിലേയും കൊൽക്കത്തയിലേയും മോശം കാലാവസ്ഥ സർവീസുകളെ ബാധിക്കുമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേക്ക് പുലർച്ചെ പുറപ്പെട്ട വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടതായി വിസ്താര എയർലൈൻസ് വ്യക്തമാക്കി. മൂടൽ മഞ്ഞിനേത്തുടർന്ന് ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം അപകടകരമായി തുടരുകയാണ്. ശരാശരി താപനില 3 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഭാരത് ജോഡോ ന്യായ് യാത്രയ്ക്കു മണിപ്പുരിലേക്കു തിരിച്ച രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് സംഘത്തിന്റെ വിമാനവും മണിക്കൂറുകൾ വൈകിയാണു പുറപ്പെട്ടത്.എയർഇന്ത്യയുടെ ഡൽഹി–കൊച്ചി, കൊച്ചി–ദുബായ് വിമാനങ്ങൾ ഇന്നലെ ഏറെ വൈകി. മഞ്ഞിനെ തുടർന്ന് എയർ ഇന്ത്യയുടെയും ഇൻഡിഗോയുടെയും മറ്റു ചില വിമാനങ്ങളും വൈകിയിരുന്നു.