തിരുവനന്തപുരം: കേരളത്തിൽ ഡെങ്കിപ്പനി ബാധിതർ ഇനിയും കൂടാൻ സാധ്യത. നിലവിൽ രോഗ ബാധിതരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്. അടിക്കടി ഉള്ള മഴയും കൊതുകു നശീകരണ പ്രവർത്തനങ്ങൾ താളം തെറ്റിയതും രോഗ വ്യാപനത്തിന് കാരണമായി.
സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 2783പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. എന്നാൽ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിൽസ തേടിയവരുടെ എണ്ണം 8000 കടന്നിട്ടുണ്ട്. 8849പേരാണ് രോഗ ലക്ഷണങ്ങളുമായി ചികിൽസ തേടിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണ നിരക്കിൽ കുറവുണ്ടായിട്ടുണ്ടെന്നതാണ് ഏക ആശ്വാസം. രോഗ ലക്ഷണങ്ങളോടെ മരിച്ച 19 പേരും രോഗം സ്ഥീകരിച്ച 12 പേരും ഉൾപ്പെടെ 31 പേരാണ് മരിച്ചത്.
2017ലാണ് കേരളത്തിൽ അവസാനമായി ഡെങ്കിപ്പനി പടർന്നു പിടിച്ചത്. അതിനുശേഷം 2020ലും 2021 ലും നിയന്ത്രണ വിധേയമായിരുന്നു ഡെങ്കിപ്പനി. കോവിഡ് മൂലമുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങളായിരുന്നു ഇതിന് കാരണം.
അടിക്കടിയുള്ള മഴ രോഗ വ്യാപനത്തിന്റെ പ്രധാന കാരണമാണ്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിൽ ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകൾ പെരുകുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളാകട്ടെ കൊതുകു നശീകരണ പ്രവർത്തനങ്ങൾ വലിയ തോതിൽ നടത്തിയിട്ടുമില്ല . ഇതോടെ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടി. ജനം പഴയപോലെ സഞ്ചാരം തുടങ്ങിയതോടെ ഡെങ്കിപ്പനി എന്ന പകർച്ച വ്യാധിയും പടർന്നു തുടങ്ങി.