മനാമ: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് സ്വന്തം പൗരൻമാരെമാർക്കെതിരെ ഭരണകൂടം നടത്തുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ അത്യന്തം ആശങ്കാജനകമാണെന്നും രാജ്യത്തെ നൂറ്റാണ്ടുകൾ പുറകിലേക്ക് നടത്തിക്കുവാനുള്ള ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ജനാധിപത്യ മതനിരപേക്ഷ ചേരി ഉണരണമെന്നും പ്രവാസി വെൽഫെയർ, ബഹ്റൈൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
രാജ്യത്ത് ന്യൂനപക്ഷ വിരുദ്ധതയും ഇസ്ലാമോഫോബിയയുടെ വ്യാപനവും സകല സീമകളും ലംഘിക്കുന്ന തലത്തിലേക്ക് വളർന്നിരിക്കുന്നു. രാജ്യത്തെ ഭരണഘടനയെയും ഇന്ത്യൻ നീതിന്യായ നിയമവ്യവസ്ഥയെയും നോക്കുകുത്തിയാക്കി ഭരണകൂടത്തിൻ്റെ ദുഷ് ചെയ്തികൾക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരുടെ വീടുകൾ ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തുന്ന ഭരണകൂട ഭീകര പ്രവർത്തനങ്ങൾ രാജ്യത്ത് അസമാധാനവും അരക്ഷിതത്വവും വളർത്തുന്നതാണ്. ഇത്തരം ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടുവാനും രാജ്യനിവാസികൾക്ക് നീതിയും സുരക്ഷിതത്വവും ഉറപ്പു വരുത്തുവാനും ഭരണഘടന പൗരന് ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾ ഉയർത്തിപ്പിടിക്കാനും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾക്ക് കഴിയണമെന്നും പ്രവാസി വെൽഫെയർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വളർന്ന് വരുന്ന തലമുറക്ക് അന്തസ്സോടെ ജീവിക്കുവാനും വിദ്യാഭ്യാസം നേടുവാനും അതുവഴി രാജ്യത്തിന്റെ യശസ്സുയർത്തുവാനും രാജ്യത്ത് സമാധാനം പുലരേണ്ടതുണ്ട്. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ച വെൽഫെയർ പാർട്ടി ദേശീയ നേതാവ് മുഹമ്മദ് ജാവേദിനേയും കുടുംബത്തേയും അന്യായമായി പിടിച്ചുകൊണ്ട് പോവുകയും നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കി അവരുടെ വീട് തകർക്കുകയും ചെയ്തത് തികഞ്ഞ അനീതിയും ഭീരുത്വവുമാണ്. ഭരണഘടനാദത്തമായ അവകാശങ്ങൾ അട്ടിമറിക്കുക വഴി രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. രാജ്യത്ത് ജനാധിപത്യപരമായി പ്രതിഷേധിച്ചതിൻറെ പേരിൽ അന്യായമായി പിടിച്ചു വെച്ചിട്ടുള്ള മുഴുവൻ പേരേയും വിവിധ കാലങ്ങളായി ജയിലിലടക്കപ്പെട്ടിട്ടുള്ള മനുഷ്യാവകാശ പ്രവർത്തകരേയും ഉടൻ വിട്ടയക്കണം എന്നും പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു.