ഡൽഹി: മാധ്യമപ്രവർത്തകരുടെ വീടുകളിൽ വ്യാപക റെയ്ഡ് നടത്തി ദില്ലി പൊലീസ്. മൊബൈൽ ഫോണുകളും, ലാപ്ടോപ്പുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കാരണം വെളിപ്പെടുത്തിയിട്ടില്ലെന്ന് നടപടിക്ക് വിധേയരായവർ വ്യക്തമാക്കി. എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. 30 ലധികം സ്ഥലങ്ങളിൽ റെയ്ഡ് നടന്നതായി പോലീസ് വ്യക്തമാക്കി. ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് പോലീസ് പറഞ്ഞു.
ന്യൂസ് ക്ലിക്ക് പോർട്ടലിനെതിരെ യുഎപിഎ ചുമത്തിയതായി റിപ്പോർട്ട്. ഇന്ന് രാവിലെയാണ് മാധ്യമപ്രവർത്തകരുടെ വീടുകളിൽ വ്യാപക റെയ്ഡ് നടക്കുന്നു എന്ന വിവരം പുറത്തു വന്നത്. ന്യൂസ് ക്ലിക്ക് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ വീടുകളിലാണ് റെയ്ഡ് എന്നാണ് ആദ്യം പുറത്തു വന്ന വിവരം, പൊലീസ് ഇതുമായി ബന്ധപ്പെട്ട് ഒന്നും വ്യക്തമാക്കിയിരുന്നു. റെയ്ഡ് ചൈനീസ് ഫണ്ടിംഗുമായി ബന്ധപ്പെട്ടാണെന്ന് പൊലീസ് വ്യക്തമാക്കി. വൻതോതിൽ ചൈനീസ് ഫണ്ട് ന്യൂസ് ക്ലിക്ക് എന്ന സ്ഥാപനത്തിലേക്ക് എത്തിയിട്ടുണ്ടെന്നും പലരിലേക്കായി ഈ പണം പോയിട്ടുണ്ടെന്നും എന്നും ദില്ലി പൊലീസ് വ്യക്തമാക്കി.
അനുബന്ധമായി ടീസ്ത സെതൽവാദിൻ്റെ മുംബൈയിലെ വസതിയിലും റെയ്ഡ് നടന്നു. ദില്ലി പോലീസ് ടീസ്തയെ ചോദ്യം ചെയ്തു. സയൻസ് ഫോറം ഭാരവാഹി ഡി.രഘുനന്ദൻ, സ്റ്റാൻഡ് അപ് കൊമേഡിയൻ സഞ്ജയ് രജൗര എന്നിവരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. സീതാറാം യെച്ചൂരിക്ക് സർക്കാർ നൽകിയ വസതിയിലും റെയ്ഡ് നടത്തി. കാനിംഗ് റോഡിലെ വസതിയിലാണ് പരിശോധന നടത്തിയത്. ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നത് കണക്കിലെടുത്താണ് ദില്ലി പൊലീസ് പരിശോധനക്കെത്തിയത്. സീതാറാം യെച്ചൂരി ഇവിടെ താമസിക്കുന്നില്ല. സീതാറാം യെച്ചൂരി ഔദ്യോഗിക വസതിയിൽ രാവിലെ ഒൻപത് വരെയാണ് റെയിഡ് നടന്നത്.
കേസിൻ്റെ ഭാഗമായി പ്രകാശ് കാരാട്ടിൻ്റെ ഇ മെയ്ലും പരിശോധനയിലെന്ന് ഇ ഡി വൃത്തങ്ങൾ. ന്യൂസ് ക്ലിക്കിന് പണം നൽകിയ അമേരിക്കൻ വ്യവസായി നെവില്ലേ റോയിയുമായി കാരാട്ട് ആശയ വിനിമയം നടത്തിയിരുന്നുവെന്ന് ഇഡി പറയുന്നു. ന്യൂസ് ക്ലിക്കിൽ നിന്ന് 40 ലക്ഷം രൂപ ടീസ്ത സെതൽവാദിൻ്റെ കുടുംബാംഗങ്ങൾക്ക് നൽകിയിട്ടുണ്ടെന്നാണ് ഇഡി വെളിപ്പെടുത്തൽ. 72 ലക്ഷം രൂപ മാധ്യമ പ്രവർത്തകൻ പരൺ ജോയി ഗുഹക്ക് കൈമാറിയെന്നും 97.32 ലക്ഷം രൂപ സിപിഎം ഐ ടി സെല്ലിലെ ബപാദിത്യ സിൻഹയും കൈപ്പറ്റിയെന്ന് ഇഡി വിശദമാക്കുന്നു.