
ദില്ലി: നിയമസഭ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഫെബ്രുവരി 5ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിന് വോട്ടെണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എല്ലാ നടപടികളും ഫെബ്രുവരി 10 ഓടെ പൂർത്തിയാക്കും. 13,033 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് ഉണ്ടാവുക. മദ്യനയ അഴിമതി കേസടക്കം സജീവ ചര്‍ച്ചയാകുന്ന പ്രതികൂല സാഹചര്യത്തില്‍ ആംആദ്മി പാര്‍ട്ടി മൂന്നാമതും അധികാരം പിടിക്കുമോ എന്നതിലാണ് ആകാംക്ഷ. 70 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.
തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റിലും യുപിയിലെ മിൽക്കിപൂരിലും ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പ് നടക്കും. ദില്ലിയിലെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കിയെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു. മരണ സർട്ടിഫിക്കറ്റ്, ബൂത്ത് ലെവൽ ഓഫീസറുടെ സാക്ഷ്യപത്രം അടക്കം രേഖകൾ പരിശോധിച്ചാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ഹിയറിംഗ് പ്രക്രിയയും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയുടെ കാലാവധി ഫെബ്രുവരി 23 ന് അവസാനിക്കും. ഇന്നലെ പുറത്തുവന്ന കണക്ക് പ്രകാരം ദില്ലിയിൽ 1.55 കോടി വോട്ടർമാരാണ് ഉള്ളത്.
