ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിക്കായി അനുവദിച്ചിട്ടുള്ള ഔദ്യോഗിക വസതിയില്‍ നിന്നും അതിഷിയുടെ സാധനങ്ങള്‍ പബ്ലിക് വര്‍ക്സ് ഡിപ്പാര്‍ട്ടുമെന്റ് (പി.ഡബ്ല്യു.ഡി.) ഒഴിപ്പിച്ചതായി ആരോപണം. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. രണ്ടുദിവസം മുമ്പാണ് ഡല്‍ഹി മുഖ്യമന്ത്രി അതിഷി ഈ വസതിയിലേക്ക് താമസം മാറ്റിയത്. ഇതിനുമുമ്പ് മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളായിരുന്നു ഇവിടെ താമസിച്ചിരുന്നത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും മുഖ്യമന്ത്രിയുടെ തന്നെ സാധനങ്ങള്‍ പി.ഡബ്ല്യു.ഡി. അനധികൃതമായി ഒഴിപ്പിക്കുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുള്ളത്. അതേസമയം, ഈ വസതി ഔദ്യോഗികമായി അതിഷിക്ക് നല്‍കിയിട്ടില്ലെന്നും അതുകൊണ്ടാണ് സാധനങ്ങള്‍ ഒഴിപ്പിച്ചതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ഡല്‍ഹി ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയാണ് ഈ നടപടിക്ക് പിന്നിലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ആരോപണം.
കെജ്രിവാള് ഉപയോഗിച്ചിരുന്ന മുഖ്യമന്ത്രിയുടെ വസതിയെ ചൊല്ലി ഇതിനുമുമ്പും ബിജെപി വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പാവപ്പെട്ടവരുടെ പ്രതിനിധി എന്നുപറഞ്ഞ് അധികാരത്തില്‍ എത്തിയ കെജ്രിവാള് ഔദ്യോഗിക വസതിയില്‍ അത്യാഢംബരപൂര്‍ണമായ ജീവിതമാണ് നയിക്കുന്നതെന്നായിരുന്നു ബിജെപിയുടെ പ്രധാന ആരോപണം. ‘ഷീഷ്മഹല്‍’ എന്നാണ് അവര്‍ ഈ വസതിയെ വിളിച്ചിരുന്നത്. ഈ വീട് കൈവിട്ടു പോകാതിരിക്കാനാണ് അതിഷിയെ ഇവിടേക്ക് താമസം മാറ്റിച്ചതെന്നും ബിജെപി ആരോപിക്കുന്നു.
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കെജ്രിവാള് ജാമ്യത്തില്‍ ഇറങ്ങിയ സമയത്താണ് മുഖ്യമന്ത്രിപദം രാജിവെച്ചത്. പിന്നാലെ അതിഷിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു. ഇതിനുപിന്നാലെ കെജ്രിവാള് മുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞിരുന്നു. മാതാപിതാക്കളെയും കൂട്ടി ഇവിടെനിന്നും ഇറങ്ങിപ്പോകുന്ന കെജ്രിവാളിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ അതെല്ലാം കെജ്രിവാളിന്റെ അഭിനയമാണെന്നായിരുന്നു ബിജെപിയുടെ ആരോപണം.