തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിന്റെ കള്ളം പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടിമുടി ദുരൂഹതയാണെന്നും മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് പ്രധാനപ്രതികളെന്നും ചെന്നിത്തല ആരോപിച്ചു. എല്ലാം മറച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ ആദ്യം മുതല്‍ ശ്രമിച്ചത്. അമേരിക്കന്‍ കുത്തക കമ്പനിയെ രക്ഷിക്കാനാണ് ശ്രമമെന്നും ചെന്നിത്തല വിമര്‍ശിച്ചു. ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് കൈ കഴുകാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പ്രതിപക്ഷം പറഞ്ഞില്ലായിരുന്നു എങ്കില്‍ ഉത്തരവ് ഇറക്കിയേനെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വിവാദവുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ രമേശ് ചെന്നിത്തല പുറത്തുവിട്ടു. കേരളം കേന്ദ്രത്തിന് അയച്ച കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സംസ്ഥാാന സര്‍ക്കാര്‍ തലത്തിലെ ചര്‍ച്ചയ്ക്ക് ശേഷമാണ് കേന്ദ്രത്തിന് കത്തയച്ചത്. വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്താണ് പുറത്തുവിട്ടത്. ഇഎംസിസിയുടെ വിശ്വാസ്യതയെക്കുറിച്ച് അന്വേഷിച്ചാണ് കത്ത്. ഫിഷറീസ് പ്രന്‍സിപ്പല്‍ സെക്രട്ടറിയാണ് കത്തയച്ചതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.