കോഴിക്കോട്: ലെയിന്‍ ഗതാഗത നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ സംസ്ഥാനത്ത് ബോധവൽക്കരണ യജ്ഞം ആരംഭിച്ചു. വാഹനങ്ങൾ നിര പാലിച്ചു ഓടിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളാണ് നൽകുന്നത്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി ആന്റണി രാജു പറഞ്ഞു.
ദേശീയ- സംസ്ഥാന പാതകളും പ്രാദേശിക റോഡുകളുമായി കേരളത്തിന്റെ റോഡ് ശൃംഖല വികസിക്കുമ്പോഴും റോഡുകളിലെ അപകടങ്ങൾക്കും ജീവഹാനിക്കും ഒരു പഞ്ഞവുമില്ല. മൊത്തം അപകടങ്ങളിൽ 65 ശതമാനവും മരണങ്ങളിൽ 50 ശതമാനവും അശ്രദ്ധമായ ഡ്രൈവിംഗ് മൂലമാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലെയ്ൻ ട്രാഫിക് ബോധവൽക്കരണം ആരംഭിച്ചത്. കൊടുവള്ളിയിൽ നടന്ന ചടങ്ങ് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.
ഇതിന്റെ ഭാഗമായി ട്രാൻസ്പോർട്ട് കമ്മീഷണർ ഉൾപ്പെടെ മോട്ടോർ വാഹന വകുപ്പിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും തെരുവിലിറങ്ങി. കൊച്ചിയിൽ ആറ് സംഘങ്ങളായി തിരിഞ്ഞ് പരിശോധനകളും ബോധവൽക്കരണ പരിപാടികളും നടത്തി. ബോധവൽക്കരണ കാമ്പയിനു ശേഷം റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ ഉപയോഗിച്ച് നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.