തിരുവനന്തപുരം: പരീക്ഷകൾ മാറ്റിവച്ച് കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് നടത്താൻ കേരള സർവകലാശാല. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ, പരീക്ഷകൾ മാറ്റിവച്ച് 25 ന് കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് നടത്താൻ കേരള സർവകലാശാല തീരുമാനം. 17 മുതൽ 24 വരെ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ സിബിസിഎസ്, കരിയർ റിലേറ്റഡ് സിബിസിഎസ്എസ് പരീക്ഷകളാണ് തിരഞ്ഞെടുപ്പ് നടത്താനായി മാറ്റിയത്. ടിപിആർ 36 നു മുകളിലായ തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങൾക്കും കൂടിച്ചേരലുകൾക്കുമമെല്ലാം വിലക്ക് ഏർപ്പെടുത്തിയതിനിടെയാണ് ഇവിടെയുള്ള കോളജുകളിൽ ഉൾപ്പെടെ തിരഞ്ഞെടുപ്പ് നടത്താനുള്ള സർവകലാശാല തീരുമാനം.
വിദ്യാർഥി സംഘടനകളുടെ നിർബന്ധത്തെ തുടർന്നാണ് ധൃതി പിടിച്ചു തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇതിനെതിരെ മറ്റ് വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തുവന്നിട്ടുണ്ട്.