തിരുവനന്തപുരം: സോളാർ പീഡനക്കേസുകൾ സിബിഐയ്ക്ക് വിടാൻ സംസ്ഥാനസർക്കാരിന്റെ തീരുമാനം. ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി അബ്ദുള്ളകുട്ടി, എ.പി അനിൽകുമാർ, ഹൈബി ഈഡൻ എന്നിങ്ങനെ ആറു നേതാക്കൾക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സർക്കാരിന്റെ ശുപാർശ ഉടൻ കേന്ദ്രത്തിന് നൽകും.
2018 ആണ് ഉമ്മൻചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ഹൈബി ഈഡൻ എംഎൽഎ എന്നിവർക്കെതിരെ സോളാർ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. ഇതിനു പിന്നാലെ മുൻമന്ത്രിമാരായ എ പി അനിൽകുമാർ, അടൂർ പ്രകാശ്, അനിൽകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുളള എന്നിവർക്കെതിരെയും ലൈംഗിക പീഡന കേസ് ചുമത്തി. ഇപ്പോഴത്തെ ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുളളക്കുട്ടിക്കെതിരെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രജിസ്റ്റർ ചെയ്ത കേസുമുണ്ട്.