തിരുവനന്തപുരം: എ പി എൽ വിഭാഗത്തിൽപ്പെട്ടവർക്ക് ഇനി മുതൽ കൊവിഡാനന്തര ചികിത്സയ്ക്ക് സർക്കാർ ആശുപത്രിയിൽ കിടക്കേണ്ടി വന്നാൽ കൈ പൊള്ളും. ജനറൽ വാർഡിലെ കട്ടിൽ കണ്ട് ആരും പനിക്കണ്ട. ആശ്വാസം കൊള്ളണ്ട. അതിൽ കിടക്കണെമെങ്കിൽ ദിവസം 750 രൂപ കൊടുക്കണം.
സർക്കാരാശുപത്രിയിലെ ഫീസിനെപ്പറ്റി പറയുന്നത് ആരെന്നു കൂടി നോക്കണം. സകല മാദ്ധ്യമങ്ങൾ വഴിയും കേരളത്തിൽ മാത്രം എല്ലാം സൗജന്യം എന്ന് പരസ്യം നൽകിയ സർക്കാർ. മെഡിക്കൽ കോളേജിൽ ജനറൽ വാർഡിൽ രോഗിയെ പുഴുവരിച്ച വിഷയം ചൂണ്ടിക്കാണിച്ചപ്പോൾ അത് പറഞ്ഞ മുഴുവൻ പേരെയും സൈബർ സൈന്യത്തെക്കൊണ്ട് പുലഭ്യം പറയിച്ച സർക്കാർ. ബുദ്ധിജീവികളും ഉപദേശകരും പുരനിറഞ്ഞു നിൽക്കുന്ന സർക്കാർ. ക്യൂബൻ മോഡലിനെക്കുറിച്ച് വാഴ്ത്തിപ്പാടുന്ന സർക്കാർ. നാഴികയ്ക്ക് നാൽപതു വട്ടം ആഗോളവത്കരണത്തെക്കുറിച്ചും നിയോലിബറൽ അജണ്ടയെക്കുറിച്ചും സ്വകാര്യവത്കരണത്തിനെതിരായും സംസാരിക്കുന്ന സർക്കാരും പാർട്ടിയും. ഈ പാർട്ടി ഭരിക്കുന്ന നാട്ടിൽ എ.പി.എൽ ആയി തടിക്കട്ടിലിൽ കിടക്കാൻ ദിവസം 750 രൂപ കൊടുക്കണം എന്ന് പറയുന്ന ആരോഗ്യ വകുപ്പ് എന്ത് കരുതലാണ് ജനങ്ങൾക്ക് നൽകുന്നതെന്ന് മനസിലാകുന്നില്ല. പിൻവാതിലിലൂടെ സർക്കാർ മേഖലയിൽ സ്വകാര്യവൽക്കരം നടത്തുന്നത് എങ്ങനെ എന്ന് സർക്കാർ തന്നെ കാണിച്ചു തരുന്നു .
നാട്ടിൽ എല്ലാവർക്കും എല്ലാം സൗജന്യമാക്കാൻ കഴിയില്ലെന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്. അതുപോലെ തന്നെ എല്ലാവരിൽ നിന്നും പണം വാങ്ങാനും പറ്റില്ല. കേരളത്തിലെ 90.67 ലക്ഷം കുടുംബങ്ങളിൽ 51 ലക്ഷത്തിൽപ്പരം കുടുംബങ്ങൾ എ.പി.എൽ വിഭാഗത്തിലാണ്. എന്നാൽ എ.പി.എൽ വിഭാഗത്തിൽപ്പെടുന്നവരെല്ലാം ധനികരല്ല. പല കാരണങ്ങൾ കൊണ്ട് ബി.പി.എൽ കാർഡ് കിട്ടാത്തവരും ചികിത്സ കാർഡ് കിട്ടാത്തവരും ഉണ്ട്. അതിന് പുറമെ ചികിത്സ ചിലവ് കാരണം ദാരിദ്ര്യരേഖയ്ക്ക് താഴെ പോകുന്ന അനേകം കുടുംബങ്ങൾ എ.പി.എൽ വിഭാഗത്തിൽ ഉണ്ട്. എ.പി.എൽ വിഭാഗം എന്നാൽ സർക്കാർ ജീവനക്കാരും വൻകിട കച്ചവടക്കാരും മാത്രമാണ് എന്നാണോ ആരോഗ്യ വകുപ്പ് ഭരിക്കുന്നവർ ധരിച്ചിരിക്കുന്നത്? അങ്ങെനെയാണെങ്കിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഇനി സർക്കാർ ആശുപത്രികളിൽ കാശു കൊടുക്കട്ടെ. എന്തിന് അവരെ മാത്രം മാറ്റി നിർത്തണം?
ആരോഗ്യ സെക്രട്ടറിയും കാരുണ്യ സ്കീമിന്റെ ഡയറക്ടറും മാത്രം വിചാരിച്ചാൽ ഇങ്ങനെ ഒരു ഓർഡർ ഇറക്കാൻ പറ്റുമോ? കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ നടത്താൻ കാശു കൊടുക്കണം എന്ന തീരുമാനം ആരാണെടുത്തത്? സർക്കാരും മുന്നണിയും അറിഞ്ഞാട്ടാണോ ഈ നയപരമായ തീരുമാനം എന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണം. മറിച്ച് ആരോഗ്യ സെക്രട്ടറിയും കാരുണ്യ സ്കീമിന്റെ സയറക്ടറും ആണ് ഇത്രയും പ്രധാനപ്പെട്ട ഒരു നയം തീരുമാനിക്കുന്നതെങ്കിൽ പിന്നെ നാട്ടിൽ ഒരു മന്ത്രിയുടെ ആവശ്യം എന്താണ്? കുറേ നാളായി ആരോഗ്യവകുപ്പിന്റെ ഭരണം വകുപ്പിലെ ചില ഐ.എ.എസ് കാർ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ആരോഗ്യവകുപ്പിന്റെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും ഡയറക്ടർമാർ പോലും ഇന്ന് കാഴ്ചക്കാരാണ്.
കൊവിഡ് കാരണം എല്ലാ വിഭാഗം ജനങ്ങളും സാമ്പത്തികമായി തകർന്ന അവസ്ഥയിലാണ്. ഇതുപോലൊരു കാലത്ത് നന്മയുള്ള ഒരു സർക്കാരും ഇങ്ങനെയൊരു പകൽക്കൊള്ള നടത്തില്ല. കേരളത്തിൽ മുപ്പത്തഞ്ച് ലക്ഷത്തിൽപ്പരം ആളുകൾക്ക് കൊവിഡ് വന്നു എന്നാണ് സർക്കാർ കണക്ക്. ഇത് കൂടാതെ പരോക്ഷമായി ദുരിതങ്ങൾ അനുഭവിക്കുന്നവരും. വിഭവ സമാഹരണത്തിന് സർക്കാർ ഇതുപോലുള്ളല്ലെ നടപടികളല്ല സ്വീകരിക്കേണ്ടത് എന്ന് ഓർമിപ്പിക്കുന്നു. ഇത്രയും കുടുംബങ്ങളെ ബാധിക്കുന്ന ഒരു പ്രശനം നാട്ടിൽ ഒരു വലിയ ചർച്ചയാകാത്തത് അതിശയിപ്പിക്കുകയും ചെയ്യുന്നു. നാട്ടിൽ പ്രതികരിക്കേണ്ടവർക്ക് എല്ലാം ഭയമാണ്.
മെഡിക്കൽ കോളേജിൽ പഠിച്ചിരുന്ന കാലത്ത് സി.പി.എം യുവജന സംഘടനയുടെ ഒരു അക്രമസമരം ഓർമ്മ വരുന്നു. ആശുപതികളിൽ യൂസർ ഫീയായി ഒരു രൂപ ഏർപ്പെടുത്തിയതിനെതിരെ നടന്ന സമരം. പ്രസ്തുത സംഘടന ഇപ്പോഴും നാട്ടിലുണ്ടെന്നാണ് അറിവ്.