
തിരുവനന്തപുരം: തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് സുരക്ഷക്കായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനം. പൂരം ആചാരത്തിന് കോട്ടം തട്ടാതെ സുരക്ഷയൊരുക്കാനാണ് നടപടി. പൂരം നടത്തിപ്പില്‍ പാളിച്ചകള്‍ ഉണ്ടായതായി കഴിഞ്ഞ തവണ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍, ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ദേവസ്വങ്ങള്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പൂരത്തിന്റെ ശോഭ കെടുത്താത്ത രീതിയിലാകണം സുരക്ഷാ ക്രമീകരണങ്ങളെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും യോഗത്തില്‍ പങ്കെടുത്തു. പൂരത്തിന് മൂന്‍പ് സുരക്ഷ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. പൂരം നടത്തിപ്പില്‍ ഒരു തരത്തിലുമുള്ള അനിശ്ചിതത്വവും വരാന്‍ പാടില്ലെന്നും ആചാരപരമായ കാര്യങ്ങള്‍ക്ക് കോട്ടം തട്ടാത്ത വിധത്തിലും സുരക്ഷയില്‍ വിട്ടുവീഴ്ച്ച വരാത്ത വിധത്തിലുമായിരിക്കണം പൂരം നടക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പൂരം എക്സിബിഷന് വടക്കുംനാഥ ക്ഷേത്രമൈതാനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തറവാടക പ്രശ്നം രമ്യമായി പരിഹരിക്കാന്‍ അദ്ദേഹം ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്കി.
നേരത്തെ മുന്നോട്ടുവെച്ച ഒത്ത് തീര്‍പ്പ് വ്യവസ്ഥ കൊച്ചില്‍ ദേവസ്വം ബോര്‍ഡ് എത്രയും വേഗം ഹൈക്കോടതിയെ അറിയിക്കണം. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം ജില്ലാ ഭരണ സംവിധാനം ഉറപ്പ് വരുത്തണം. സുരക്ഷാ മുന്‍കരുതലുകള്‍, വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും കോടതി ഉത്തരവുകളും പാലിക്കപ്പെട്ടുന്നുണ്ടോ എന്ന് ജില്ലാ ഭരണ സംവിധാനം ഉറപ്പാക്കണം. പൂരം ദിവസങ്ങളില്‍ വെടിക്കെട്ടു നടത്തുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും എക്സ്പ്ലോസിവ് നടപടികളും സ്വീകരിക്കണം. ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള പൂരത്തിന് ആവശ്യമായ ആനകളെ എഴുന്നള്ളിക്കുന്നതിനും ആനകളുടെ വിശ്രമം, പൊതുജന സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ പോലീസുമായി ചേര്‍ന്ന് ഒരുക്കണം. കഴിഞ്ഞ വര്‍ഷം ഉയര്‍ന്നുവന്ന ആക്ഷേപങ്ങളും പരാതികളും ഈ വര്‍ഷം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുള്ള ജാഗ്രത പാലിക്കണം. ഉത്സവം സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തമായ തീരുമാനം കൈക്കൊള്ളുന്നതിന് ജില്ലാ ജാഗ്രത സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തണം. ത്യശ്ശൂര് പൂരം വെടിക്കെട്ട് നടത്തുന്നതിന് ആവശ്യമായ ലൈസന്‍സുകള്‍ അനുവദിക്കണം. വെടിക്കെട്ട് നിയമാനുസൃതമാണെന്ന് ഉറപ്പ് വരുത്തണം.
