തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി.സെക്രട്ടറിയു മായിരുന്ന എം.ശിവശങ്കറിന്റെ സസ്പെൻഷൻ കാര്യത്തിൽ തീരുമാനം ഇന്നുണ്ടാകും. സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ ശിവശങ്കറിന്റെ സസ്പെൻഷൻ പിൻവലിക്കണമോ വേണ്ടയോ എന്ന തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ശിവശങ്കർ ഒരു വർഷമായി സസ്പെൻഷനിലാണ്.
കേസിന്റെ നിലവിലെ സ്ഥിതിയും പൊതുരാഷ്ട്രീയ സാഹചര്യവും മന്ത്രിസഭ കണക്കിലെടുക്കുമെന്നാണ് സൂചന. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ കാലാവധി ദീർഘനാളത്തേക്ക് നീട്ടാനാകില്ലെന്ന ആനുകൂല്യം ശിവശങ്കറിനുണ്ടാകുമെന്നും രാഷ്ട്രീയവൃത്തങ്ങൾ കണക്കുകൂട്ടുന്നു.
ശിവശങ്കറിനെതിരെ ഇ.ഡിയുടെ നടപടിയിൽ കോടതിയിൽ കേസുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ 28നാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. തുടർന്ന് ആരോഗ്യ പ്രശ്നം പരിഗണിച്ച് 98 ദിവസത്തിന് ശേഷം ജനുവരി 25ന് ജാമ്യം നൽകുകയായിരുന്നു. കസ്റ്റംസ് കേസിൽ അതിന് മുന്നേ ജാമ്യം ലഭിച്ചിരുന്നു. സ്വർണ്ണകടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷും സരിതും നടത്തിയിരുന്ന എല്ലാ നീക്കങ്ങളും കോൺസുലേറ്റ് ഇടപാടുകളും ശിവശങ്കറിന് അറിയാമെന്നതിൽ കസ്റ്റംസ് ഉറച്ചു നിൽക്കുകയാണ്.