കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി ശ്രദ്ധ സതീഷിന്റെ മരണത്തിൽ പ്രക്ഷോഭം ശക്തമാകുന്നതിനിടെ കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് വിദ്യാർത്ഥി പ്രതിനിധികളെ ചർച്ചയ്ക്ക് വിളിച്ചിരിക്കേയാണ് മാനേജ്മെന്റിന്റെ പുതിയ നീക്കം. ഹോസ്റ്റൽ ഒഴിയണമെന്നും പ്രിൻസിപ്പൽ വിദ്യാർത്ഥികൾക്ക് നിർദേശം നൽകി. എന്നാൽ ഒഴിയില്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. ഇന്നലെ വിദ്യാർത്ഥികളുമായി മാനേജ്മെന്റ് ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. സമരം അവസാനിപ്പിക്കണമെന്ന മാനേജ്മെന്റിന്റെ ആവശ്യവും വിദ്യാർത്ഥികൾ അംഗീകരിച്ചില്ല.
കോളേജിലെ രണ്ട് ഹോസ്റ്റലുകളും അടച്ചിരിക്കുകയാണ്. പുറത്തിറങ്ങാൻ പോലും അനുവദിക്കുന്നില്ലെന്നും ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. ശ്രദ്ധയ്ക്ക് നീതി ലഭിക്കുംവരെ പോരാടുമെന്നാണ് വിദ്യാർത്ഥികൾ വ്യക്തമാക്കുന്നത്. കുഴഞ്ഞുവീണെന്ന് പറഞ്ഞാണ് ശ്രദ്ധയെ കോളേജ് അധികൃതർ ആശുപത്രിയിൽ എത്തിച്ചതെന്നും ആരോപണമുണ്ട്. ശ്രദ്ധ ജീവനൊടുക്കാൻ കാരണം അദ്ധ്യാപകരുടെ മാനസിക പീഡനമാണെന്നും തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിൽ കോളേജ് അധികൃതർ മന:പൂർവം വീഴ്ച വരുത്തിയെന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിച്ചത് കണ്ടുപിടിച്ചതിന്റെ വിഷമത്തിലാകാം ശ്രദ്ധ ആത്മഹത്യ ചെയ്തതെന്നാണ് കോളേജ് അധികൃതർ നൽകുന്ന വിശദീകരണം. ശ്രദ്ധയുടെ മരണത്തിൽ മന്ത്രി ആർ ബിന്ദു ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. വിഷയം അന്വേഷിച്ച് അടിയന്തരമായി വിശദമായ റിപ്പോർട്ട് നൽകാനാണ് നിർദേശം. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിക്കാണ് അന്വേഷണ ചുമതല.