
കൊച്ചി: കണ്ണൂര്‍ മുന്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തെക്കുറിച്ച് സി.ബി.ഐയോ ഉന്നതോദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ചോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി.
സി.ബി.ഐ. അന്വേഷണം നിരാകരിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്കിയ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു മഞ്ജുഷയുടെ ആവശ്യം. ക്രൈംബ്രാഞ്ച് അന്വേഷണം എന്ന ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തില്ല. തുടര്‍ന്ന് ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാര്‍, ജോബിന് സെബാസ്റ്റ്യന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അപ്പീല്‍ ഉത്തരവിനായി മാറ്റി.
പ്രത്യേക അന്വേഷണ സംഘത്തില്‍ (എസ്.ഐ.ടി) വിശ്വാസമില്ലെന്നും നിഷ്പക്ഷമായ അന്വേഷണമാണ് ആവശ്യമെന്നും വ്യക്തമാക്കിയാണ് അപ്പീല്‍ നല്‍കിയത്. രാഷ്ട്രീയ സ്വാധീനമുള്ള പ്രതിയെ സംരക്ഷിക്കാനാണ് നിലവിലെ അന്വേഷണം നടത്തുന്നതെന്നാണ് നവീന്റെ ഭാര്യയുടെ ആരോപണം.
നരഹത്യാ സാധ്യത മുന്‍നിര്‍ത്തി പോലീസ് ഫലപ്രദമായ അന്വേഷണം നടത്തുന്നില്ലെന്നും പ്രതിചേര്‍ക്കപ്പെട്ട സി.പി.എം. നേതാവ് പി.പി.
ദിവ്യയ്ക്ക് ഉന്നത സ്വാധീനമുണ്ടെന്നും ചൂണ്ടിക്കാട്ടി സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍ അന്വേഷണം ശരിയായ ദിശയിലാണെന്നു പറഞ്ഞ കോടതി ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്നാണ് വസ്തുതകള്‍ ശരിയായി വിശകലനം ചെയ്യാതെയാണ് സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയതെന്നു ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കിയത്.
