കൊച്ചി: ഇന്ധന വിലവർധനക്കെതിരായി യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ പ്രതികരിച്ച നടൻ ജോജു ജോർജിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് ഡിസിപി ഐശ്വര്യ ഡോങ്ക്റെ. ജോജു മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയായിരുന്നു എന്ന എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിൻ്റെ ആരോപണത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസിൻ്റെ നീക്കം. ജോജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നാണ് വിവരം. അദ്ദേഹത്തെ കൈയ്ക്ക് ചെറിയ മുറിവ് പറ്റിയിട്ടുണ്ട്.
ട്രാഫിക്ക് ബ്ലോക്ക് നീക്കാനുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു. റോഡ് തടഞ്ഞതിന് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. ആളുകളെ തിരിച്ചറിഞ്ഞിട്ട് നടപടിയെടുക്കും. ഇത്തരത്തിൽ ഒരു സമരമുണ്ടാവുമെന്ന് പൊലീസിനെ അറിയിച്ചിരുന്നു. പക്ഷേ, രേഖാമൂലമുള്ള അനുമതി വാങ്ങിയിട്ടില്ല എന്നും പറഞ്ഞു.
ഇടപ്പള്ളി വൈറ്റില ദേശീയപാതയിലായിരുന്നു എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം. ഗതാഗതം തടസപ്പെടുത്തിയതിൽ കോൺഗ്രസ് പ്രവർത്തകരുമായി ജോജു വാക്കേറ്റമുണ്ടായി. വഴി തടഞ്ഞുള്ള സമരത്തിനെതിരെ ജോജുവിനൊപ്പം നാട്ടുകാരും ചേർന്നു.
