തിരുവനന്തപുരം: ഡിസിസി പുനഃസംഘടനുയമായി ബന്ധപ്പെട്ട് ഹൈക്കമാന്റിൽ പരാതിയുമായി രമേശ് ചെന്നിത്തല. കെ സുധാകരൻ തെറ്റിദ്ധരിപ്പിച്ചെന്നാണ് ചെന്നിത്തലയുടെ പരാതി. ദില്ലി യാത്രക്ക് ശേഷം കേരളത്തിലെത്തി ചർച്ച നടത്താമെന്ന ഉറപ്പ് ലംഘിച്ചു. ഉറപ്പ് നൽകിയ കൂടിയാലോന ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടിയാലോചനയില്ലാതെ പട്ടികയോട് യോജിപ്പില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് ഹൈക്കമാന്റ് വ്യക്തമാക്കി. ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ള പുതിയ നേതൃത്വത്തിന്റെ ശ്രമങ്ങൾ തടയില്ലെന്നും ഹൈക്കമാന്റ് അറിയിച്ചു.
അതിനിടെ, പരസ്യ അതൃപ്തിയുമായി വി എം സുധീരൻ രംഗത്തെത്തി. ഡിസിസി പ്രസിഡന്റുമാരുടെ സാധ്യതാ പട്ടിക കെപിസിസി പ്രസിഡന്റ് കോൺഗ്രസ് ഹൈക്കമാൻഡിന് കൈമാറിയതായി മാധ്യമ റിപ്പോർട്ടുകളിൽ കണ്ടു. ഈ പട്ടിക തയ്യാറാക്കുന്ന ഒരു ഘട്ടത്തിലും കെപിസിസി പ്രസിഡന്റോ മറ്റ് ഉത്തരവാദിത്തപ്പെട്ടവരോ എന്നോട് ഇതേക്കുറിച്ച് ഒരു തരത്തിലുള്ള ആശയവിനിമയവും നടത്തിയിട്ടില്ലെന്നാണ് സുധീരന്റെ പരാതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധീരന്റെ വിമര്‍ശനം.