മുംബെെ: ഗുണ്ടാസംഘത്തലവൻ ദാവൂദ് ഇബ്രാഹിം പോലും ബിജെപിയിൽ ചേർന്നാൽ ഒറ്റരാത്രികൊണ്ട് വിശുദ്ധനാക്കപ്പെടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മുംബൈയിൽ നടന്ന ഒരു മെഗാ റാലിയിലായിരുന്നു ബിജെപിക്കെതിരെയുള്ള താക്കറെയുടെ പരാമർശം. “ഈ ദിവസങ്ങളിലായി അവർ ദാവൂദിനെയും അവന്റെ സഹായികളെയും പിന്തുടരുകയാണ്. എന്നാൽ ദാവൂദ് ബിജെപിയിൽ ചേർന്നാൽ, ഒറ്റരാത്രികൊണ്ട് വിശുദ്ധനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ഉദ്ധവ് താക്കറെ പറഞ്ഞു. ഒളിവിൽ കഴിയുന്ന ഗുണ്ടാത്തലവൻ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളുടെ മുംബൈയിലെ 20 സ്ഥലങ്ങളിൽ ഒന്നിലധികം റെയ്ഡുകൾ നടത്തിയിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.
റാലിയിൽ ഉദ്ധവ് താക്കറെ നടത്തിയ പരാമർശങ്ങൾ രാജ്യത്തെ വിലക്കയറ്റത്തിനെതിരെയുമായിരുന്നു. “മോദി ജി റേഷൻ നൽകിയിട്ടുണ്ട്, പക്ഷേ ഞങ്ങൾ പച്ചയായി കഴിക്കുമോ? സിലിണ്ടർ നിരക്ക് കുതിച്ചുയരുമ്പോൾ എങ്ങനെ പാചകം ചെയ്യും? വിലക്കയറ്റത്തെക്കുറിച്ച് ആരും സംസാരിക്കുന്നില്ല, ശ്രീലങ്കയിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ, അവിടെ നിന്ന് പാഠം പഠിക്കൂ. ഇന്ധനവില ഏഴ് പൈസയായി ഉയർത്തിയപ്പോൾ അടൽ ബിഹാരി വാജ്പേയ് ഒരിക്കൽ കാളവണ്ടിയിൽ പാർലമെന്റിൽ പോയി. ഇപ്പോൾ ഇന്ധനവിലയുടെ സ്ഥിതി നോക്കൂ. വാജ്പേയിയുടെ കാലത്തെപ്പോലെയല്ല ഇപ്പോൾ ബിജെപി” താക്കറെ പറഞ്ഞു.
