മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം മനാമ ഏരിയ വിവിധ ഭാഗങ്ങളിൽ ‘മില്ലത്ത് ഇബ്രാഹിം’ എന്ന പ്രമേയത്തിൽ പൊതു പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു. മനാമ, ഗുദൈബിയ, സിൻജ്, ജിദ്ഹഫ്സ് എന്നിവിടങ്ങളിൽ സംഘടിപ്പിച്ച പരിപാടികളിൽ സഈദ് റമദാൻ നദ്വി, സിറാജ് പള്ളിക്കര എന്നിവർ പ്രഭാഷണം നടത്തി.
സത്യത്തിലും ധർമത്തിനുമായി നിലകൊള്ളുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും വിശ്വാസി സമൂഹം ക്ഷമയോടും സമചിത്തതയോടും കൂടിയാണ് നേരിടേണ്ടതെന്ന വിവേകമാണ് പ്രവാചകൻ ഇബ്രാഹിം നമുക്ക് നൽകുന്ന പാഠമെന്ന് ആനുകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രഭാഷകർ ചൂണ്ടിക്കാട്ടി.
ലോകത്തുള്ള വിശ്വാസി സമൂഹങ്ങൾക്കെല്ലാം ഇബ്രാഹിം നബിയും കുടുംബവും മാതൃകയാണെന്നും, കേവല വിശ്വാസത്തിനപ്പുറം ചുമതലപ്പെടുത്തപ്പെട്ട ദൗത്യ നിർവഹണത്തിലും ആദർശ വിശുദ്ധിയിലും ലോകം സ്മരിക്കപ്പെടുന്ന പ്രവാചകനാണ് ഇബ്രാഹിം എന്നും, നിലപാടുകളിലെ ആചഞ്ചലമായ കരുത്ത് ലോക വിശ്വാസി സമൂഹത്തിന് പാഠമാവേണ്ടതാണ് എന്നും പ്രഭാഷകർ കൂട്ടിച്ചേർത്തു.
മുനീർ എംഎം, അബ്ദുല്ലത്തീഫ്, ജൗദർ ഷമീം, റഫീഖ് മണിയറ, ഗഫൂർ മൂക്കുതല, ഫൈസൽ, ജലീൽ മല്ലപ്പള്ളി, ബഷീർ കാവിൽ, ഷൗക്കത്തലി, ഫാറൂഖ് വി.പി തുടങ്ങിയവർ വിവിധയിടങ്ങളിൽ നടന്ന പരിപാടികൾക്ക് നേതൃത്വം നൽകി.