കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസുമായി ബന്ധപ്പെട്ട സ്വർണക്കള്ളക്കടത്തു കേസിൽ പ്രതികളായ സരിത്തിനേയും കെ ടി റമീസിനെയും കേരളത്തിന് പുറത്തെ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യവുമായി കസ്റ്റംസ്. കസ്റ്റംസിന് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചു. കേരളത്തിലെ ജയിലിൽ നിന്ന് പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ഇതിനുള്ള അപേക്ഷ കസ്റ്റംസ് കോടതിയിലും സമർപ്പിച്ചിട്ടുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലുള്ള പ്രതികളുടെ സുരക്ഷയും കേസ് അട്ടിമറിക്കാനുള്ള സർക്കാർ നീക്കവും കണക്കിലെടുത്താണിത്. കൊഫെപോസ പ്രകാരം അറസ്റ്റിലായ പ്രതികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് കേന്ദ്രസർക്കാരിന്റെ ചുമതലയാണ്. അതിനാലാണ് ഇതര സംസ്ഥാനത്തേയ്ക്ക് പ്രതികളെ മാറ്റാനൊരുങ്ങുന്നത്. അതിനിടെ സ്വർണക്കടത്ത് കേസിൽ ബിജെപി നേതാക്കൾക്കെതിരെ മൊഴി നൽകാൻ പി.എസ് സരിത്തിനെ ജയിലിൽ പീഡിപ്പിച്ചതായുള്ള വിവരവും പുറത്തുവന്നിരുന്നു.
