ന്യൂഡൽഹി: കസ്റ്റഡി മരണങ്ങൾ നമുക്ക് പുതുമയുള്ള ഒന്നല്ല. പലപ്പോഴും ഇത്തരം വാർത്തകൾ നാം കേട്ട് കളയാറുണ്ട്. കസ്റ്റഡി മരണങ്ങളുടെ പിന്നീടുള്ള വാർത്തകൾക്ക് ആരും ചെവി കൊടുക്കാറില്ല എന്നതാണ് വസ്തുത. ജയിലിനുള്ളിലെ മരണങ്ങളുടെ വസ്തുത എന്തായിരുന്നു? കുറ്റക്കാരായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെട്ടോ? മരണപ്പെട്ടയാൾ നിരപരാധി ആയിരുന്നോ? എന്നിങ്ങനെയുള്ള വാർത്തകളൊന്നും ആരും അധികം ശ്രദ്ധിക്കാറില്ല.പൊലീസ് സ്റ്റേഷനുകളിൽ വച്ച് മരണപ്പെടുന്നത് പ്രതികൾ മാത്രമായിരിക്കും എന്ന ധാരണയാണ് പലർക്കുമുള്ളത്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർക്ക് മുൻവൈരാഗ്യം ഉള്ളവരും, രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ പേരിലുമൊക്കെ നിരപരാധികളും കസ്റ്റഡി മരണങ്ങളുടെ ഇരകളാവാറുണ്ട്.
ഔദ്യോഗിക കണക്ക് (2001-2020)കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ ഇന്ത്യയിൽ 1888 കസ്റ്റഡി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ 893 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തത്. അതിൽ 358 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. എന്നാൽ ഇക്കാലയളവിൽ ശിക്ഷിക്കപ്പെട്ടത് വെറും 26 പൊലീസുകാർ മാത്രം. ബാക്കി കേസുകളിൽ ഒന്നിലും ഇരയ്ക്ക് നീതി കിട്ടിയിട്ടില്ല. ഈ കണക്കുകൾ പുറത്തുവിട്ടത് മറ്റാരുമല്ല, ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻ സി ആർ ബി) തന്നെയാണ്. ഏറ്റവും കൂടുതൽ കസ്റ്റഡി മരണം സംഭവിച്ചത് 2019 ലാണ്.
കസ്റ്റഡി മരണങ്ങൾ രണ്ട് തരം: കസ്റ്റഡി മരണങ്ങളെ എൻ സി ആർ ബി രണ്ടായിട്ടാണ് തരംതിരിക്കുന്നത്. റിമാൻഡിൽ ഇല്ലാത്ത വ്യക്തികളുടെ മരണങ്ങളാണ് ആദ്യത്തേത്. അവരെ പൊലീസ് അറസ്റ്റ് ചെയ്തങ്കിലും കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് മരണപ്പെട്ടു. രണ്ടാമത്തേത് റിമാൻഡിൽ ഉള്ളവരുടെ മരണങ്ങളാണ്. കോടതി റിമാൻഡ് ചെയ്തവരുടെ മരണങ്ങളാണ് ഇതിൽ വരുന്നത്.
എന്തൊക്കെയാണ് നിയമനടപടികൾ: പൊലീസ് കസ്റ്റഡിയിലിരിക്കവേ ഒരാൾ മരണപ്പെട്ടാൽ ഉടനടി എഫ് ഐ ആർ തയ്യാറാക്കണമെന്ന് നിബന്ധനയുണ്ട്. കസ്റ്റഡി മരണങ്ങളെപ്പറ്റി ജുഡീഷ്യൽ മജിസ്ട്രേറ്റ് അന്വേഷണം നടത്തേണ്ടതും അനിവാര്യമാണ്. സി ആർ പി സി സെക്ഷൻ 176 പ്രകാരം കസ്റ്റഡി മരണങ്ങളെപ്പറ്റി പൊലീസ് അന്വേഷണം നടത്തിയാലും മജിസ്ട്രേറ്റ് നിർബന്ധമായും അന്വേഷണം നടത്തണം.
അന്വേഷണം നടത്തുന്ന മജിസ്ട്രേറ്റ് മരണം നടന്ന് 24 മണിക്കൂറിനുള്ളിൽ അടുത്തുള്ള സിവിൽ സർജന് മൃതദേഹം വിശദ പരിശോധന്ക്ക് കൈമാറണം. അതിന് കഴിയാതെ വന്നാൽ അക്കാര്യം കാരണം സഹിതം റിപ്പോർട്ടിൽ രേഖപ്പെടുത്തണം.ഒരു കസ്റ്റഡി മരണം സംഭവിച്ചാൽ അക്കാര്യം 24 മണിക്കൂറിനുള്ളിൽ തന്നെ ദേശീയ മനുഷ്യാവകാശ കമ്മീഷനെയും അറിയിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്. പോസ്റ്റ്മോർട്ടത്തിന്റെ വീഡിയോയും റെക്കോഡ് ചെയ്യണം. ഇതെല്ലാം ഉൾപ്പെടുന്ന മജിസ്ട്രേറ്റിന്റെ അന്വേഷണ റിപ്പോർട്ടും രണ്ട് മാസത്തിനകം തന്നെ കമ്മീഷന് നൽകണം.
