തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട പുതിയ പാഠപുസ്തകങ്ങൾ അവതരിപ്പിക്കുന്നതിനുള്ള സമയപരിധി അംഗീകരിച്ചു. തിരുവനന്തപുരത്ത് ചേർന്ന കരിക്കുലം കമ്മിറ്റിയുടെയും കരിക്കുലം കോർകമ്മിറ്റിയുടെയും സംയുക്ത യോഗത്തിലാണ് അംഗീകാരം നൽകിയത്. പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
2024-25 അധ്യയന വർഷം 1, 3, 5, 7, 9 ക്ലാസുകൾക്കും 2025-26 അധ്യയന വർഷം 2, 4, 6, 8, 10 ക്ലാസുകളെയും പുതിയ പാഠപുസ്തകത്തിലാണ് പഠിപ്പിക്കുക. ജനുവരി 31ന് പൊസിഷൻ പേപ്പറുകള്‍ പൂർത്തിയാകും. കരിക്കുലം ഫ്രെയിംവർക്ക് മാർച്ച് 31 ന് പ്രസിദ്ധീകരിക്കും. പാഠപുസ്തക രചന ഏപ്രിലിൽ ആരംഭിക്കും. പാഠപുസ്തക രചനയുടെ ആദ്യഘട്ടം ഒക്ടോബർ 31നകം പൂർത്തിയാക്കും. ഷെഡ്യൂൾ കർശനമായി പാലിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്ന പാഠ്യപദ്ധതി അനിവാര്യമാണ്. പ്രീസ്കൂൾ വിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവർക്കുള്ള വിദ്യാഭ്യാസം എന്നീ നാല് മേഖലകളിൽ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കേണ്ടതുണ്ട്. എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി പാഠ്യപദ്ധതിക്ക് രൂപം നൽകാനാണ് സർക്കാർ തയ്യാറെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.