കോട്ടയം: നാലു വയസുകാരന്റെ കളിയില്‍ വീട്ടിലെ അലമാരയ്ക്ക് തീപിടിച്ചു. ചങ്ങനാശേരി മാമ്മൂടിനു സമീപത്തെ വീട്ടില്‍ വ്യാഴാഴ്ച വൈകിട്ടാണു സംഭവം.
4 വയസ്സുള്ള മകന് തീപ്പെട്ടി ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ അലമാരയില്‍ തീ പടരുകയായിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും വിലപിടിപ്പുള്ള സാധനങ്ങളും നശിച്ചു. ലാപ്ടോപ്പും 16,000 രൂപയും കത്തി നശിച്ചു.
കുട്ടി തീപ്പെട്ടിയെടുത്ത് കളിച്ചത് അടുക്കളയിലായിരുന്ന അമ്മ കണ്ടില്ല. മുറിക്കുള്ളില്‍ നിന്നു പുക ഉയര്‍ന്നതോടെയാണ് അപകടം മനസ്സിലായത്. അലമാരയിലെ വസ്ത്രങ്ങളും പഴയ പാസ്പോര്‍ട്ട് ഉള്‍പ്പെടെ രേഖകളും ലാപ്ടോപ്പും നശിച്ചു. അലമാരയിലുണ്ടായിരുന്ന 16,000 രൂപയും കത്തിച്ചാരമായി.
വെല്‍ഡിങ് കരാര്‍ ഏറ്റെടുത്തു ചെയ്യുന്ന ഗൃഹനാഥനു ഗേറ്റ് നിര്‍മാണത്തിനായി സാധനങ്ങള്‍ വാങ്ങാന്‍ ലഭിച്ച അഡ്വാന്‍സ് തുകയായിരുന്നു ഇത്. വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്നു വെള്ളം കോരിയൊഴിച്ചും മറ്റും ഏറെ നേരത്തെ അധ്വാനത്തിനൊടുവിലാണു തീയണച്ചത്. സ്റ്റീല്‍ അലമാരയായതിനാല് തീ മറ്റു സ്ഥലങ്ങളിലേക്കു പടരാതിരുന്നതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്.
