തിരുവനന്തപുരം: ആഗോളതലത്തിലുള്ള സാംസ്കാരിക സ്ഥാപനങ്ങളെയും, കലാവിദ്യാലങ്ങളെയും വിവിധ കലോത്സവങ്ങളെയും, സ്കോളർഷിപ്പുകൾ-പുരസ്കാരങ്ങൾ എന്നീ മേഖലകളെയും സമഗ്രമായി അടയാളപ്പെടുത്തുന്ന കൾച്ചറൽ റഫറൻസ് ഗ്രന്ഥം ‘ലോക സാംസ്കാരിക ഭൂപടം’ ചിങ്ങം–1 ന് കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ പുറത്തിറക്കും.
അന്തർദേശീയ, ദേശീയ, സംസ്ഥാന തലങ്ങളിലുള്ള പ്രധാന സാംസ്കാരിക സ്ഥാപനങ്ങളെക്കുറിച്ചും കലാരൂപങ്ങളെക്കുറിച്ചും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ചും പൈതൃകകേന്ദ്രങ്ങളെക്കുറിച്ചും വിവിധ പുരസ്ക്കാരങ്ങളെക്കുറിച്ചുമൊക്കെ പ്രതിപാദിക്കുകയും, ലോകമെമ്പാടുമുള്ള കലകളെയും സംസ്കാരങ്ങളെയും കുറിച്ച് ജനങ്ങളെ കൂടുതലായി പരിചയപ്പെടുത്തുകയും ചെയ്യുന്ന കലാ വിജ്ഞാന കോശ ഗ്രന്ഥമായിരിക്കും ലോക സാംസ്കാരിക ഭൂപടമെന്ന് ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ പറഞ്ഞു.
വിവിധ വിഷയങ്ങളിലെ അക്കാദമിക വിദഗ്ദർ ഏകദേശം മൂന്ന് വർഷത്തോളം നടത്തിയ ഗവേഷണങ്ങളിലൂടെയാണ് പുസ്തകത്തിനാവശ്യമായ രേഖകളും വിവരണങ്ങളും ശേഖരിച്ചത്.