മനാമ: ക്രൂയിസ് ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകി വിനോദസഞ്ചാരികൾ ബഹ്റൈനിൽ എത്തിത്തുടങ്ങി. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയാണ് ക്രൂയിസ് കപ്പലുകളുടെ വരവ് പ്രഖ്യാപിച്ചത്. 11,000-ത്തിലധികം വിനോദസഞ്ചാരികളുമായി മൂന്ന് ക്രൂയിസ് കപ്പലുകളാണ് ഖലീഫ ബിൻ സൽമാൻ തുറമുഖത്ത് എത്തിചേർന്നത്. എംഎസ്സി വേൾഡ് യൂറോപ്പ, ഐഡകോസ്മോ, അമേരിക്കൻ ക്രൂയിസ് കപ്പലായ ദ വേൾഡ് എന്നീ ക്രൂയിസ് കപ്പലുകളാണ് ബഹ്റൈൻ തീരത്തെത്തിയത്. ഫ്രാൻസ്, ജർമ്മനി, ഇറ്റലി, റഷ്യ, സ്പെയിൻ, യുകെ, യു.എസ് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുമായാണ് ആഡംബര കപ്പലുകളെത്തിയത്. 2023 മെയ് വരെ നീണ്ടുനിൽക്കുന്ന നിലവിലെ ക്രൂയിസ് സീസണിൽ നിരവധി ആഡംബര കപ്പലുകൾ ബഹ്റൈൻ തീരമണയും.
ഫ്രാൻസ്, ജർമ്മനി, ഇറ്റലി, റഷ്യ, സ്പെയിൻ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള 6,000 വിനോദസഞ്ചാരികളുമായിട്ടാണ് എംഎസ്സി വേൾഡ് യൂറോപ്പ ക്രൂയിസ് കപ്പൽ ഖലീഫ ബിൻ സൽമാൻ തുറമുഖത്ത് എത്തിയത്. 19 കപ്പലുകളുള്ള എംഎസ്സി ക്രൂയിസിന് ലോകത്തിലെ ഏറ്റവും ആധുനികമായ ക്രൂയിസ് കപ്പലുകളിലൊന്നാണ്. 1970-ൽ ഒരു ഇറ്റാലിയൻ ഷിപ്പിംഗ് കമ്പനിയാണ് ഇത് സ്ഥാപിച്ചത്. ഇതിന് ഓൺബോർഡ് അനുഭവവും ബാലിനീസ് സ്പാകൾ, മുതിർന്നവർക്കുള്ള പൂളുകൾ, 4D സിനിമാശാലകൾ എന്നിങ്ങനെ വൈവിധ്യമാർന്ന സൗകര്യങ്ങളും ഉണ്ട്. 1,984 മുതൽ 6,300 വരെ യാത്രക്കാരെ ഒരേസമയം വഹിക്കാൻ ഈ കപ്പലുകൾക്ക് കഴിയും.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 5,000-ലധികം യാത്രക്കാരുമായിട്ടാണ് ഐഡകോസ്മോ ബഹ്റൈൻ തീരത്തെത്തിയത്. 148 വിനോദസഞ്ചാരികളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള 285 ക്രൂ അംഗങ്ങളുമായി അമേരിക്കൻ ക്രൂയിസ് കപ്പലായ ദ വേൾഡും എത്തി. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം, നിലവിലെ ക്രൂയിസ് സീസൺ നവംബറിൽ ആരംഭിച്ച് 2023 മെയ് വരെ നീണ്ടുനിൽക്കും. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷത്തിന്റെ മൂന്നാം പാദത്തിൽ ടൂറിസം ട്രാഫിക്കിൽ 31 ശതമാനം വർധനവ് രേഖപ്പെടുത്തി.
വിനോദം, ഷോപ്പിംഗ് സെന്ററുകൾ, ഹോസ്പിറ്റാലിറ്റി, ഹോട്ടലുകൾ, മറ്റ് നിരവധി വ്യവസായങ്ങൾ എന്നിവയ്ക്ക് പ്രയോജനം ചെയ്യുന്ന ക്രൂയിസ് വ്യവസായം ടൂറിസം മേഖലയ്ക്ക് കാര്യമായ സംഭാവനയാണ് നല്കുന്നത്. ബഹ്റൈനിൽ ക്രൂയിസ് വ്യവസായം ആരംഭിച്ചിട്ട് 11 വർഷം തികയുന്നവേളയിൽ ബഹ്റൈൻ ടൂറിസം മന്ത്രാലയം വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നിരവധി ടൂറിസം പാക്കേജുകൾക്കാണ് നേതൃത്വം നൽകുന്നത്.