
കോഴിക്കോട്: പുറക്കാമലയില്‍ ക്വാറി വിരുദ്ധ സമരത്തിനിടെ 15-കാരനെ പോലീസ് വലിച്ചിഴച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന് കേസെടുത്തു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവമുണ്ടായതെന്ന് റൂറല്‍ എസ്.പി ബാലാവകാശ കമ്മീഷന് വിശദീകരണം നല്‍കണം. റൂറല്‍ എസ്.പിയും സംഭവത്തില്‍ പേരാമ്പ്ര ഡി.വൈ.എസ്.പിയോട് വിശദീകരണം തേടിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം. പുറക്കാമലയില്‍ ദിവസങ്ങളായി നടക്കുന്ന ക്വാറി വിരുദ്ധസമരം കാണാനെത്തിയതായിരുന്നു കുട്ടി. യാതൊരു പ്രകോപനവും കൂടാതെ മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ കുട്ടിയെ വലിച്ചിഴച്ച പോലീസ് വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്നു. വാഹനത്തില്‍വെച്ചും അല്ലാതെയുമൊക്കെ കുട്ടിയ പോലീസ് മര്‍ദ്ദിച്ചതായി കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു.
പത്താം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടിക്ക് സമരദിവസം എസ്.എസ്.എല്‍.സി പരീക്ഷയുണ്ടായിരുന്നില്ല. പിറ്റേദിവസം എസ്.എസ്.എല്‍.സി പരീക്ഷയെഴുതി എത്തിയ കുട്ടി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. വരുംദിവസങ്ങളില്‍ വീട്ടിലെത്തി കൗണ്‍സലിങ് നല്കി കുട്ടിക്ക് എസ്.എസ്.എല്‍.സി പരീക്ഷയെഴുതാനുള്ള മനോധൈര്യം പകരാനുള്ള ശ്രമങ്ങളിലാണ് അധ്യാപകര്‍.
