

ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിര്‍ത്തൽ പ്രഖ്യാപിച്ചതോടെ അതിര്‍ത്തി മേഖല ശാന്തം. ഇന്ന് പുലര്‍ച്ചെ മുതൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. നിയന്ത്രണ രേഖയിലെ വിവിധയിടങ്ങളിലും സ്ഥിതിഗതികള്‍ ശാന്തമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണശ്രമം നടന്ന അതിര്‍ത്തി സംസ്ഥാനങ്ങളിലും എല്ലാം ശാന്തമാണ്. ജനജീവിതം സാധാരണ നിലയിലേക്ക് മാറുകയാണ്. അതേസമയം, അതിര്‍ത്തി മേഖലയിടലടക്കം സൈന്യം കനത്ത ജാഗ്രത തുടരുന്നുണ്ട്. സ്ഥിതിഗതികളും തുടര്‍ നടപടികളും വിലയിരുത്താൻ പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാ മേധാവി, മൂന്ന് സേനാ മേധാവിമാര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം, വെടിനിര്‍ത്തൽ അടക്കമുള്ള കാര്യങ്ങള്‍ വിശദീകരിക്കാൻ ഇന്ന് രാവിലെ 11ന് പ്രതിരോധ മന്ത്രാലയം നിശ്ചയിച്ച വാര്‍ത്താസമ്മേളനം ഒഴിവാക്കി. വാര്‍ത്താസമ്മേളനം തൽക്കാലം ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്റെ നീക്കം നിരീക്ഷിക്കാനും ആവശ്യമെങ്കിൽ വെടിനിര്‍ത്തൽ ധാരണയിൽ നിന്ന് പിന്മാറുമെന്നുമാണ് ഇന്ത്യയുടെ നിലപാട്. രാത്രി വൈകി നിയന്ത്രണരേഖയ്ക്ക് സമീപം പാക് വെടിവെയ്പ്പ് നടന്നതൊഴിച്ചാൽ ജമ്മുവിൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും തന്നെ രാത്രി ഉണ്ടായില്ല. സൈന്യം മേഖലയിൽ ജാഗ്രതയിലാണ്. നഗ്രോത്ത കരസേന ക്യാമ്പിനുനേര നടന്ന ആക്രമണത്തിൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. പൂഞ്ച് മേഖലയിലും ജനജീവിതം സാധാരണനിലയിലേക്ക് പോവുകയാണ്. രാത്രി വെടിവെയ്പ്പോ ഡ്രോൺ ആക്രമണമോ ഉണ്ടായില്ല. പഞ്ചാബിലെ പഠാൻകോട്ട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ച് തുടങ്ങി. ഗുജറാത്തിലെ പാകിസ്ഥാനിലെ അതിർത്തിയിലും സ്ഥിതി ശാന്തമാണ്. ഇന്നലെ രാത്രി ഒരുമണിക്ക് ശേഷം അനിഷ്ട സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊച്ചു ജില്ലയിലെ സൈനിക കേന്ദ്രങ്ങൾക്കുള്ള അതീവ സുരക്ഷ ഇപ്പോഴും തുടരുകയാണ്. രാജസ്ഥാനിലെ അതിർത്തി ജില്ലകളിൽ പുലർച്ചെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
