
മനാമ: ബഹ്റൈൻ- അമേരിക്ക ബന്ധം സഹകരണത്തിന്റെ ഉന്നത തലങ്ങളിൽ എത്തിയിട്ടുണ്ടെന്ന് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു.
ബഹ്റൈൻ ഡിഫൻസ് ഫോഴ്സും അമേരിക്കൻ സെൻട്രൽ കമാൻഡും സഹകരിച്ച് റാസ് അൽ ബാർ ക്യാമ്പിൽ സ്ഥാപിച്ച പുതിയ ജോയിന്റ് കമാൻഡ് സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക, ആഗോള സുരക്ഷയെ സംരക്ഷിക്കുന്നതിൽ സഖ്യകക്ഷികൾക്കൊപ്പം അമേരിക്ക പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, പ്രധാനമന്ത്രിയുടെ ഓഫീസ് കാര്യ മന്ത്രി ഷെയ്ഖ് ഇസ ബിൻ സൽമാൻ അൽ ഖലീഫ, മേജർ ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ അൽ ഖലീഫ, ധനകാര്യ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ, അമേരിക്കൻ ചാർജ് ഡി അഫയേഴ്സ് എലിസബത്ത് ലിച്ച്ഫീൽഡ്, ഇരു സേനകളിലെയും മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് കമാൻഡർ- ഇൻ- ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ, റോയൽ ബഹ്റൈൻ വ്യോമസേനാ കമാൻഡർ എയർ വൈസ് മാർഷൽ ഷെയ്ഖ് ഹമദ് ബിൻ അബ്ദുല്ല അൽ ഖലീഫ, അമേരിക്കൻ സെൻട്രൽ കമാൻഡ് കമാൻഡർ ജനറൽ ചാൾസ് ബ്രാഡ്ഫോർഡ് കൂപ്പർ എന്നിവർ ചേർന്ന് കിരീടാവകാശിയെ സ്വീകരിച്ചു.


