മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധ കാര്യ മന്ത്രി ബിൻ വാലാസുമായും അദ്ദേഹം കൂടിക്കാഴ്ചയും ചർച്ചയും നടത്തി.
സന്ദർശനത്തിന്റെ ഭാഗമായി ബ്രിട്ടനിൽ നിക്ഷേപമിറക്കുന്നതിനും സഹകരണ പങ്കാളിത്തത്തിനുമുള്ള കരാറിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദിന്റെയും ഋഷി സുനകിന്റെയും സാന്നിധ്യത്തിൽ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ ഒപ്പുവെച്ചു. നിക്ഷേപ മേഖലയിൽ തന്ത്രപ്രധാന പങ്കാളിയാകുന്നതിനാണ് ധാരണ.
ബഹ്റൈൻ മുംതലകാത് ഹോൾഡിങ് കമ്പനി, ഇൻവെസ്റ്റ്കോർപ് കമ്പനി, ജി.എഫ്.എച്ച് ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്, ഉസൂൽ അസറ്റ് മാനേജ്മെന്റ് എന്നിവ വഴി ബഹ്റൈൻ സ്വകാര്യ മേഖലയിലെ നിക്ഷേപത്തിന്റെ 1 ബില്യൺ പൗണ്ട് യുകെ സമ്പദ്വ്യവസ്ഥയിലേക്ക് എത്തിക്കും.യുകെ യിൽ പ്രിൻസ് സൽമാൻ കിംഗ്ഡം ഓഫ് ബഹ്റൈൻ എംബസി നടത്തിയ സ്വീകരണത്തിൽ പങ്കെടുത്തു. യുകെ യിലെ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചായിരുന്നു സ്വീകരണം. സ്വീകരണ വേളയിൽ, രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ദർശനങ്ങൾക്ക് അനുസൃതമായി, സഖ്യകക്ഷികളുമായുള്ള ബന്ധവും പങ്കാളിത്തവും തുടരാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ അദ്ദേഹം ഊന്നിപ്പറഞ്ഞു. യുണൈറ്റഡ് കിംഗ്ഡം പോലുള്ള അന്താരാഷ്ട്ര സഖ്യകക്ഷികളുമായുള്ള ബന്ധവും സഹകരണവും ഏകീകരിക്കുന്നതിൽ ബഹ്റൈന്റെ നയതന്ത്ര ദൗത്യങ്ങളുടെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.