
കണ്ണൂര്‍: നമ്മുടെ നാടിപ്പോള്‍ നല്ലരീതിയിൽ വികസിച്ചു വന്നുവെന്നും നേരത്തെയുണ്ടായിരുന്ന ഇവിടെയൊന്നും നടക്കില്ലെന്ന ധാരണ മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവിടെ പലതും നടക്കുമെന്ന ധാരണ വന്നിട്ടുണ്ട്. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ രീതിയിൽ വികാസം പ്രാപിച്ചുവരുകയാണ്. അതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണെന്നും ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറുമായുള്ള അഭിമുഖത്തിൽ പിണറായി വിജയൻ വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരത്തിലേക്ക് കേരളത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എത്തിയിട്ടുണ്ട്. 13 സെന്റര്‍ ഓഫ് എക്സലന്‍സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ആധുനിക കേരളത്തിന് ചേര്‍ന്ന തരത്തിലുള്ള മാറ്റം ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരേണ്ടതുണ്ട്. ആവശ്യമായ നൈപുണ്യം എല്ലാവര്ക്കും ലഭിക്കേണ്ടതായിട്ടുണ്ട്. നമ്മുടെ യുവത ലോകത്തിന്റെ ഏതുഭാഗത്തുമുള്ള വികസിത രാജ്യത്തുള്ളവരുമായി പിടിച്ചു നിൽക്കാൻ കഴിവുള്ളവരായി മാറും. അത്തരത്തിലുള്ള കേരളം രൂപം കൊള്ളുകയെന്നത് പ്രധാനമാണെന്നും പിണറായി വിജയൻ പറഞ്ഞു.
ഇപ്പോള്‍ കേരളം നല്ല നിലയിൽ വികസിച്ചു. എല്ലാ മേഖലയിലുമുള്ള സര്‍വതല സ്പര്‍ശിയായ വികസനമാണ് ലക്ഷ്യമിടുന്നത്. നേരത്തെ കേരളത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ചിലയിടത്ത് എത്തുമ്പോള്‍ മൂക്കു പൊത്തേണ്ട അവസ്ഥയാണുള്ളത്. ഹരിത കേരള മിഷന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാലിന്യ നീക്കമടക്കം കൃത്യമായി നടത്താൻ ഇപ്പോഴായി. വലിയ മാറ്റമാണ് മാലിന്യ നിര്‍മാര്‍ജനത്തിൽ ഉണ്ടായത്. കേരളം ഇന്ന് നല്ല രീതിയിൽ നിക്ഷേപത്തിന് പറ്റിയ നാടായിട്ടാണ് ആളുകള്‍ കാണുന്നത്.


