ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്രദൗത്യം ചന്ദ്രയാൻ-3 നിർണായക ഘട്ടം പൂർത്തിയാക്കി. ലാൻഡർ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വിക്രം വിജയകരമായി വേർപെട്ടു. ഇനി ലാൻഡർ ചന്ദ്രദൗത്യവുമായി മുന്നോട്ടുപോകും. ഉച്ചയ്ക്ക് 1.30ഓടെയാണ് ഐഎസ്ആർഒ സംഘം ചന്ദ്രയാൻ-3 പേടകത്തെ രണ്ട് ഭാഗങ്ങളായി തിരിച്ചത്. ഇതോടെ ലാൻഡിംഗിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു.
ഓഗസ്റ്റ് 23 ന് വൈകുന്നേരം 5.47 ഓടെ ഇന്ത്യൻ പേടകം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്ന് ഐഎസ്ആർഒ കണക്കാക്കുന്നു. ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ഇറങ്ങുന്നതോടെ ലോകത്തെ മികച്ച നാല് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിക്കും. അമേരിക്കയ്ക്കും ചൈനയ്ക്കും റഷ്യയ്ക്കും ശേഷം ഇന്ത്യയുടെ പേരിലായിരിക്കും ഈ നേട്ടം.
ഓഗസ്റ്റ് 23 ന് ചന്ദ്രയാൻ-3 ന്റെ വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്ന് ഐഎസ്ആർഒ കണക്കാക്കുന്നു. വിക്രം ലാൻഡറും റോവർ പ്രഗ്യാനും പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപിരിഞ്ഞതോടെ ചന്ദ്രയാൻ -3 ന്റെ അവസാന നടപടികളും പൂർത്തിയായി. ചന്ദ്രോപരിതലത്തിനു 100 കിലോമീറ്റർ മുകളിലെത്തിയ ശേഷമാണ് പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നു ലാൻഡർ വേർപെടുത്തിയത്.
വേർപെട്ട പ്രൊപ്പൽഷൻ മൊഡ്യൂൾ നിലവിലെ ഭ്രമണപഥത്തിൽ തുടരും. വിക്രം എന്ന ലാൻഡറിന്റെ ലാൻഡിങ് ഏരിയ നിർണയം വരും ദിവസങ്ങളിൽ നടക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള പ്രദേശത്താണ് ലാൻഡിങ്. നേരത്തെ ഓഗസ്റ്റ് 16 ന് ഐഎസ്ആർഒ ഇന്ത്യൻ പേടകത്തെ 153 കിലോമീറ്റർ x 163 കിലോമീറ്റർ ഭ്രമണപഥത്തിൽ എത്തിച്ചിരുന്നു.