കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ വീട്ടിലെത്തി. ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ എന്ന വീട്ടിലാണ് അന്വേഷണ ഉദ്യോഗസ്ഥർ എത്തിയത്. ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രൻ, ഡിവൈ.എസ്.പി ബൈജു പൗലോസ് അടക്കമുള്ളവരാണ് സംഘത്തിലുള്ളത്.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കാവ്യ മാധവന് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകിയിരുന്നു. ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ നിർദേശിച്ചിരുന്നത്. ദിലീപിന്റെ ആലുവയിലെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ നോട്ടീസിന് മറുപടി നൽകുകയും ചെയ്തിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ മുമ്പ് രണ്ടു തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും കാവ്യ ഹാജരായിരുന്നില്ല. സ്ഥലത്തില്ലെന്നാണ് ആദ്യം മറുപടി നൽകിയത്. രണ്ടാം തവണ നോട്ടീസ് നൽകിയപ്പോൾ ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ വീട്ടിൽ വെച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു കാവ്യയുടെ ആവശ്യം. ഇതിന് ക്രൈംബ്രാഞ്ച് തയാറാകാതെ വന്നതോടെ ചോദ്യം ചെയ്യൽ മുടങ്ങുകയായിരുന്നു.
എന്നാൽ, കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നെന്ന് സംശയിക്കുന്ന ദിലീപിന്റെ വീട്ടിൽ എത്തണമെന്ന ആവശ്യം ഉദ്യോഗസ്ഥർ അംഗീകരിച്ചില്ല. ഈ നിബന്ധന മറികടക്കുന്നതിനുള്ള നിയമസാധുത ക്രൈംബ്രാഞ്ച് പരിശോധിച്ചതായാണ് വിവരം. നടിയെ ആക്രമിച്ച കേസിന്റെ ഗൂഡാലോചനയിൽ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തിൽ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്.
