തിരുവനന്തപുരം: മൂന്നാം തരംഗഭീഷണിക്കും എസ്.എഫ്.ഐ പ്രവര്ത്തകൻ ധീരജിൻ്റെ കൊലപാതകത്തിനും ഇടയിൽ തിരുവനന്തപുരത്ത് വനിതകളെ അണിനിരത്തി മെഗാ തിരുവാതിര സംഘടിപ്പിച്ചതിൽ അതൃപ്തി അറിയിച്ച് സിപിഎം സംസ്ഥാന നേതൃത്വം. വൈകാരിക ഘട്ടത്തിൽ മെഗാ തിരുവാതിര നടത്തിയത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി എന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ വിലയിരുത്തൽ. വിഷയത്തിൽ ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. തിരുവാതിര നടത്തിപ്പിൽ വീഴ്ച സംഭവിച്ചുവെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും തുറന്നു സമ്മതിച്ചു എന്നാണ് സൂചന. ഇക്കാര്യത്തിൽ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പൻ തന്നെ സംസ്ഥാന നേതൃത്വത്തോട് സമ്മതിച്ചു.
ധീരജിൻ്റെ രക്തസാക്ഷിത്വം സൃഷ്ടിച്ച വൈകാരിക അന്തരീക്ഷത്തെ അവഗണിച്ച് ജില്ലാ നേതൃത്വം മെഗാ തിരുവാതിര നടത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോയതിൽ സംസ്ഥാന നേതൃത്വത്തിന് അവമതിപ്പുണ്ട്. തിരുവാതിര നേതാക്കൾക്ക് അവമതിപ്പുണ്ടാക്കി അവതരിപ്പിച്ചുവെന്നും വിമര്‍ശനവും സംസ്ഥാന നേതൃത്വം മുന്നോട്ട് വയ്ക്കുന്നുണ്ട്. വ്യക്തിപൂജയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പിണറായി വിജയനെ പാടി പുകഴ്ത്തിയ പാട്ടിനെതിരെ വലിയ എതിര്‍പ്പാണ് സമൂഹമാധ്യമങ്ങളിൽ ഉയര്‍ന്നത്. ഇടത് അനുഭാവികളടക്കം ഇക്കാര്യത്തിൽ എതിര്‍പ്പ് പരസ്യമാക്കിയിരുന്നു.