
കോഴിക്കോട്: കോഴിക്കോട്ട് റോഡ് തടസ്സപ്പെടുത്തി സമരം നടത്തിയ സി.പി.എം. നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. സമരത്തില്‍ പങ്കെടുത്ത വലിയ നേതാക്കളെ ഒഴിവാക്കിയാണ് കേസെടുത്തത്.
കേന്ദ്ര അവഗണനയ്ക്കെതിരെ മാനാഞ്ചിറ ആദായനികുതി ഓഫീസിന് മുന്നിലെ റോഡ് തടസ്സപ്പെടുത്തി നടത്തിയ ഉപരോധത്തില്‍ സംഘാടകര്‍ക്കെതിരെയാണ് കേസ്. ഗതാഗതം തടസ്സപ്പെടുത്തി റോഡിലാണ് കസേരയിട്ടത്. അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും സി.പി.എം. നേതാക്കളായ പി. നിഖില്‍, കെ.കെ. ദിനേശ്, കെ.കെ. മുഹമ്മദ്, കെ.ടി. കുഞ്ഞിക്കണ്ണന്, കെ.ടി. ഇസ്മയില്‍ എന്നിവരുടെ പേരിലാണ് കേസ്. സമരത്തിന് നേതൃത്വം നല്കിയ എ. വിജയരാഘവന്, ജില്ലാ സെക്രട്ടറി എം. മെഹബൂബ് തുടങ്ങിയവരെ പ്രതിചേര്‍ത്തിട്ടില്ല.
കാടിറങ്ങിവരുന്ന ആനയുടെ ഉടമസ്ഥന് പിണറായി വിജയനല്ലെന്നും മനുഷ്യനും വന്യജീവികളുമായുള്ള സംഘര്‍ഷം ലോകമെങ്ങുമുള്ള പ്രതിഭാസമാണെന്നും സമരം ഉദ്ഘാടനം ചെയ്ത എ. വിജയരാഘവന് പറഞ്ഞു. വനനിയമങ്ങള്‍ മാറ്റിയെഴുതാനാണെങ്കില് അത് ചെയ്യേണ്ടത് നരേന്ദ്രമോദിയാണ്, പിണറായി വിജയനല്ല. ആശാ വര്‍ക്കര്‍മാര്‍ പാവങ്ങളാണ്. അവര്‍ക്ക് ഇത്രയെങ്കിലും ഓണറേറിയം ലഭിക്കുന്നത് കേരളത്തിലാണ്. ആശാ വര്‍ക്കര്‍മാരെ മുന്നില്‍ നിര്‍ത്തി നടത്തുന്നത് സ്പോണ്‍സേര്‍ഡ് സമരമാണെന്നും വിജയരാഘവന് പറഞ്ഞു.
