കോഴിക്കോട്: തന്നെ സി.പി.എമ്മിൽനിന്ന് പുറത്താക്കിയതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പ്രമോദ് കോട്ടൂളി. പുറത്താക്കിയതിനെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകുമെന്നും പ്രമോദ് പറഞ്ഞു.
കൃത്യമായി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് പുറത്താക്കൽ നടപടി. തിരക്കഥ എഴുതിയത് ആരെന്നത് പുറത്തുവരേണ്ടതുണ്ട്. തിരക്കഥ എഴുതിയവർ പാർട്ടിക്കുള്ളിൽ തന്നെയുണ്ട്. ഗൂഢാലോചന നടത്തിയവരെ പുറത്തുകൊണ്ടുവരണം.
തന്റെ വിശദീകരണം പാർട്ടി മുഖവിലയ്ക്കെടുത്തില്ല. നിയമ വിദ്ഗദ്ധരുമായി ആലോചിച്ച് പോലീസിനു പരാതി നൽകുമെന്നും പ്രമോദ് പറഞ്ഞു.
അതേസമയം, പി.എസ്.സി. അംഗത്വം ലഭിക്കാൻ ആരെങ്കിലും കോഴ വാങ്ങിയെന്ന് താൻ ആർക്കും പരാതി നൽകിയിട്ടില്ലെന്നും പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ലെന്നും ചേവായൂർ സ്വദേശി ശ്രീജിത്ത് വെളിപ്പെടുത്തി. താനും പ്രമോദും വർഷങ്ങളായി നല്ല സുഹൃത്തുക്കളാണ്. പ്രമോദുമായി ഒരു പണമിടപാടുമില്ല. താനും കുടുംബവും മംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. പണം കൊടുത്ത് ജോലി വാങ്ങേണ്ട ആവശ്യം തന്റെ കുടുംബത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.