കണ്ണൂർ: പാർട്ടയിൽ നിന്ന് പുറത്തുപോയ സി.പി.എം. മുൻ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന് പോലീസ് സംരക്ഷണം നൽകും. സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ ആരോപണമുന്നയിച്ച മനുവിന് ഭീഷണിയുണ്ടെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്നാണ് നടപടി.
മനുവിന്റെ വീടും വ്യാപാര സ്ഥാപനങ്ങളും പോലീസ് നിരീക്ഷണത്തിലാണ്. നിലവിൽ കാവൽ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ആവശ്യമുണ്ടെങ്കിൽ സുരക്ഷയൊരുക്കും. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മനുവിന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി സന്ദേശങ്ങളെത്തുന്നുണ്ട്. പാർട്ടിയെ പലവട്ടം പ്രതിസന്ധിയിലാക്കിയയാളാണ് ജയരാജനെന്ന് മനു ഫേസ്ബുക്കിൽ ആരോപിച്ചിരുന്നു.
ക്വാറി മുതലാളിക്കുവേണ്ടി മലയോരത്ത് പാർട്ടി ഏരിയാ സെക്രട്ടറിമാരെ വരെ സൃഷ്ടിക്കാൻ കഴിയുന്ന താങ്കളുടെ പാടവവും വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ കച്ചവടങ്ങളും എല്ലാം നമുക്ക് പറയാമെന്നായിരുന്നു മനുവിന്റെ കുറിപ്പ്.