തിരുവനന്തപുരം: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി ഗുണ്ടാ നേതാവിനെയാണോ നിയമിച്ചതെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ആവശ്യപ്പെട്ടു. എം.ജി സർവകലാശാല സെനറ്റ് തിരെഞ്ഞെടുപ്പ് അട്ടിമറിച്ച് വനിതാ എ.ഐ.എസ്.എഫ് പ്രവർത്തകയെ ജാതിഅധിക്ഷേപം നടത്തി ആക്രമിക്കാൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയും നിലവിലെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയാണ്. മഹാരാജാസ് കോളേജിലുൾപ്പെടെ കെ.എസ്.യു പ്രവർത്തകരെ ഗുരുതരമായി അക്രമിച്ച് പരിക്കേൽപ്പിച്ച കേസുകളിലെ മുഖ്യപ്രതിയും ആർഷോയാണ് . ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ രാത്രിയിൽ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതിയും ആർഷോയാണ്.
വിദ്യാർത്ഥികളുടെ അവകാശത്തിനുവേണ്ടി പോരാടിയതിനല്ല ആർഷോ റിമാൻഡിലായതെന്നും, ഗുണ്ടാ പ്രവർത്തനങ്ങൾ നടത്തിയതിനാലാണെന്നതും ഇതെല്ലാം അറിഞ്ഞ് വെച്ചാണ് ആർഷോയെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി സി.പി.എം നേതൃത്വം നിയോഗിച്ചതെന്നതും സി.പി.എം കലാലയങ്ങൾ കേന്ദ്രീകരിച്ച് ക്രിമിനലുകളെ വളർത്തിയെടുക്കാൻ ശ്രമിക്കുന്നതിന്റെ തെളിവാണെന്നും അഭിജിത്ത് കൂട്ടിച്ചേർത്തു.