തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ സർക്കാരിനോട് 7 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണത്തിന് കരാർ ഏറ്റെടുത്ത സോണ്ട ഇൻഫ്രാടെക് കമ്പനിയുമായി സി.പി.എം നേതാക്കൾക്ക് എന്ത് ബന്ധമാണുള്ളതെന്ന് അന്വേഷിക്കണമെന്നും കരാറുകാരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വിജിലൻസ് അന്വേഷിച്ചാൽ ബ്രഹ്മപുരം കേസും ലൈഫ് മിഷൻ കേസ് പോലെയാകും. ബ്രഹ്മപുരം കേസിൽ സി.ബി.ഐ അന്വേഷണത്തെ പിന്തുണയ്ക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച ലൈഫ്, ബ്രഹ്മപുരം വിഷയങ്ങളാണ് മുഖ്യമന്ത്രിയെ പൊള്ളിച്ചത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നിലവിൽ തടവിലാണ്. കേസിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് ഭവന പദ്ധതിയുടെ നിർമാതാക്കളായ യൂണിടാക് കമ്പനിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടായിരുന്നു. ബ്രഹ്മപുരം പ്ലാന്റിൽ 32 കോടിയുടെ തട്ടിപ്പ് നടന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.