കോഴിക്കോട്: സി.പി.എം. കോഴിക്കോട് ജില്ലാ സമ്മേളനത്തിന് വടകരയില്‍ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഴുവന്‍ സമയ സാന്നിധ്യത്തിലാണ് സമ്മേളനം നടക്കുക. സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ വൈദ്യുതി മുടങ്ങിപ്പോയതോടെ മുഖ്യമന്ത്രി പ്രസംഗം നിര്‍ത്തി ഇരിപ്പിടത്തിലേക്ക് മടങ്ങി. മുഴുവന്‍ സമയവും മുഖ്യമന്ത്രി പങ്കെടുക്കുന്ന നാലാമത്തെ ജില്ലാ സമ്മേളനമാണ് കോഴിക്കോട്ടേത്. സമാപന റാലിയില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി പങ്കെടുക്കും.
എറണാകുളം, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലാണ് ഇതിന് മുമ്പ് മുഖ്യമന്ത്രി മുഴുവന്‍ സമയവും പങ്കെടുത്തത്. പുതിയ ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പ്, കെ.കെ ശൈലജയുടേതുള്പ്പെടെ ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി, പ്രമോദ് കോട്ടൂളി ഉള്‍പ്പെട്ട പി.എസ്.സി കോഴ വിവാദം, മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാര്‍ട്ടിയില്‍ പുതിയ ശക്തികേന്ദ്രമായി ഉയരുന്നതില്‍ ഒരു വിഭാഗത്തിനുള്ള എതിര്‍പ്പ് തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരിക്കും. ചര്‍ച്ചകള്‍ക്കുള്ള മറുപടിയും മുഖ്യമന്ത്രി തന്നെ നല്‍കും.
നിലവിലെ ജില്ലാ സെക്രട്ടറി പി. മോഹനന് മൂന്ന് ടേം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഈ സമ്മേളനത്തില്‍ സ്ഥാനമൊഴിയും. വനിതകളെ നേതൃസ്ഥാനത്തേക്ക് സി.പി.എം. പരിഗണിക്കുന്നില്ല എന്ന വിമര്‍ശനം രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വനിതയെ പരിഗണിക്കുന്നതിനുള്ള നീക്കങ്ങള്‍ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഭാഗത്തുനിന്ന് ഉയരുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
അങ്ങനെയെങ്കില്‍ മുന്‍ എം.എല്‍.എ.യും നിലവിലെ ജില്ലാ സെക്രട്ടറിയുടെ ഭാര്യയുമായ കെ.കെ. ലതികയെയായിരിക്കും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുക. മുന്‍ എം.എല്‍.എ. എ. പ്രദീപ് കുമാര്‍, കെ.കെ. ദിനേശന്, എം. മെഹബൂബ് എന്നിവരുടെ പേരുകളും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ജനുവരി 31-നാണ് ജില്ലാ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കല്‍. പിന്നാലെ ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് സെക്രട്ടറിയെ തിരഞ്ഞെടുക്കും. ഒന്നിലധികം പേരുകള്‍ വന്നാല്‍ കൈ ഉയര്‍ത്തി വോട്ടെടുപ്പിലൂടെയാവും ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുക.
വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ കനത്ത തോല്‍വി സ്വയംവിമര്‍ശനമായി പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതായും വിവരമുണ്ട്.