
തിരുവനന്തപുരം: പികെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പികെ ശശിയെ ഒഴിവാക്കിയത്. പാലക്കാട് നടന്ന വിമത കൺവെൻഷനിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ശശിക്കെതിരെ നടപടിയെടുത്തത്. ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് ശശി നടത്തിയത്. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന വിവരം പുറത്തുവന്നത്.
പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ രൂക്ഷ വിമർശനമാണ് ശശി നടത്തിയത്. ജില്ലാ സെക്രട്ടറിയുടെ കസേരയിലിരിക്കുന്നത് സ്പിരിറ്റ് കച്ചവടക്കാരനെന്ന് പികെ ശശി ആഞ്ഞടിച്ചു. കൊടിയേരി സഖാക്കളെ ചേർത്തുനിർത്തിയിരുന്നു എന്നും എന്നാൽ, ഇപ്പോൾ പാർട്ടിയിൽ ആ കരുതൽ ഇല്ലെന്നും ശശി പറഞ്ഞു. ആയിരത്തിലേറെ പേർ പങ്കെടുത്ത സിപിഎം വിമത കൺവെൻഷനിലാണ് ശശിയുടെ കടുത്ത വിമർശനങ്ങൾ ഉണ്ടായത്.
രണ്ട് മുൻ ഏരിയാ സെക്രട്ടറിമാർ അടക്കമുള്ള പ്രമുഖരെ പങ്കെടുപ്പിച്ചാണ് സിപിഎം വിമതർ പാലക്കാട്ട് കൺവെൻഷൻ നടത്തിയത്. പികെ ശശിയെ പോലെ ഒരു പ്രമുഖ നേതാവ് എത്തിയതോട കൺവെൻഷൻ ശ്രദ്ധ നേടി. 7 ജില്ലാ കമ്മിറ്റി അംഗങ്ങൾ അടക്കമുള്ള നേതാക്കൾ ഒപ്പമുണ്ടെന്ന് ശശി കൺവെൻഷനിൽ പ്രഖ്യാപിച്ചു. പാലക്കാട് നടക്കുന്നത് വിമത കൺവെൻഷൻ അല്ലെന്നും വിപ്ലവകാരികളുടെ കൺവെൻഷൻ ആണെന്നും പികെ ശശി പറഞ്ഞു. ആരും പാർട്ടിക്ക് പുറത്തുവന്നതല്ല എന്നും ഈ അവസ്ഥ ജില്ലാ നേതൃത്വം ഉണ്ടാക്കിയതാണെന്നും പറഞ്ഞു. ശശി തുറന്നടിച്ചതോടെ വിമതർ സിപിഎമ്മുമായി പരസ്യ ഏറ്റുമുട്ടലിലേക്കാണെന്ന് വ്യക്തമായിരിക്കുകയാണ്.


